സർക്കാർ വാക്കുപാലിച്ചു; തുച്ഛമായ തുകയുടെ പേരിൽ ഇനി കേരളത്തിൽ കിടപ്പാടം നഷ്ട്ടമാകില്ല….
ഏക കിടപ്പാട സംരക്ഷണ ബിൽ ഇന്ന് നിയമസഭ പാസാക്കി. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ അതിജീവനത്തിനായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന വായ്പകൾ തിരിച്ചടവ് മുടങ്ങിയാൽ വീട് ജപ്തി ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ബിൽ പാസാക്കിയത്. കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത പ്രതിസന്ധികൾ മൂലം വായ്പ മുടങ്ങുന്ന സാഹചര്യത്തിൽ ജപ്തി ഒഴിവാക്കാൻ ബിൽ സഹായിക്കും. കിടപ്പാട അവകാശം അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പ് കൂടിയാണ് ഈ ബില്ലെന്നാണ് സർക്കാർ പറയുന്നത്. ബില്ലിൽ ഗവർണർ ഒപ്പിട്ടാൽ ഇത് നിയമമാകും. നിയമസഭയിൽ മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്.
ബില്ലിലെ നിബന്ധനകൾ ഇങ്ങനെ
- വായ്പാ തുക അഞ്ച് ലക്ഷം രൂപയിൽ താഴെയാകണം
- പിഴപ്പലിശയും ചെലവുകളുമടക്കം ആകെ തിരിച്ചടവ് തുക പത്ത് ലക്ഷം കവിയരുത്
- കടമെടുത്തയാൾക്കും കുടുംബത്തിനും മറ്റ് വസ്തുവകകൾ ഉണ്ടാകരുത്
- കടമെടുത്തയാൾക്കും കുടുംബത്തിനുമായി നഗരസഭ പരിഝിയിൽ പരമാവധി അഞ്ച് സെൻ്റും പഞ്ചായത്ത് പ്രദേശത്ത് പത്ത് സെൻ്റിലും അധികം ഭൂമി ഉണ്ടാകരുത്
- കടമെടുത്തയാളിനും കുടുംബത്തിനും വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്
- വായ്പയെടുത്ത ശേഷം കടമെടുത്തയാളോ കുടുംബാംഗങ്ങളോ മറ്റ് വസ്തുവകകൾ കൈമാറ്റം ചെയ്തിരിക്കാൻ പാടില്ല
- ആനുകൂല്യം നേടേണ്ടയാൾ ആധാർ എടുത്തിരിക്കണം.
- വിദ്യാഭ്യാസം, ചികിത്സ, വിവാഹം, ഭവന നിർമാണം, ഭവന നവീകരണം, കൃഷി, സ്വയം തൊഴിൽ വായ്പകളാണെങ്കിൽ മാത്രമേ ആനുകൂല്യം ലഭിക്കൂ
- ഒന്നിൽ കൂടുതൽ തവണ ആനുകൂല്യം ലഭിക്കില്ല