സംസ്ഥാനത്തിന് ആശ്വാസം, നിപ പ്രതിരോധം പൂർണ വിജയത്തിലേക്കെന്ന് ആരോഗ്യ മന്ത്രി

നിപ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നടത്തിയ രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണ വിജയത്തിലേക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ഒരാളിൽ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ജൂൺ 11 മുതൽ കൃത്യമായ റൂട്ട് മാപ്പ് തയാറാക്കി ജില്ലയിൽ പൊതുവെയും രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5, രോഗി സന്ദർശിച്ച വിവിധ ആശുപത്രികൾ, രോഗിയുടെ ജോലിസ്ഥലം, രോഗി സന്ദർശിച്ച സ്ഥലങ്ങൾ തുടങ്ങി എല്ലാ സമ്പർക്ക സാധ്യതകളും കണ്ടെത്തി പഴുതടച്ച പ്രതിരോധമാണ് ആരോഗ്യവകുപ്പ് നടത്തിയതെന്ന് അദ്ദേഹം വിവരിച്ചു. രോഗം കൂടുതൽ പേരിലേക്ക് പകർന്നിട്ടില്ല എന്ന കൃത്യമായ നിഗമനത്തിലാണ് കൂടുതൽ കണ്ടൈൻമെന്റ് നടപടികൾ ഇല്ലാതെതന്നെ രോഗം വരുതിയിലാക്കിയത്. ജില്ലാ കളക്ടർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, രോഗം കണ്ടെത്തിയ സ്വകാര്യ ആശുപത്രി ഡോക്ടർമാർ, കോഴിക്കോട് മെഡിക്കൽ കോളജ് ഡോക്ടർമാർ, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, ഫീൽഡിൽ ആരോഗ്യപ്രവര്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. കൂട്ടായ പ്രവർത്തനത്തിൻറെ വിജയമാണിതെന്ന് മന്ത്രി പറഞ്ഞു.
അതേസമയം നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുകയാണെന്നും മുരളീധരൻ വ്യക്തമാക്കി. നിപ രോഗബാധിതൻറെ സമ്പർക്കപ്പട്ടികയിൽ നിന്ന് നിരീക്ഷണത്തിനായി പുതുതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. സമ്പർക്കപ്പട്ടികയിൽ നിന്ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇതുവരെ പരിശോധിച്ച 15 പേരുടെയും സാമ്പിൾ ഫലം നെഗറ്റീവ് ആണ്. രോഗബാധിതൻറെ സമ്പർക്ക പട്ടികയിലും പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന വിഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ടവരും ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 60 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 91 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
ആഫ്രിക്കയിലെ മൂന്നു രാജ്യങ്ങളിൽ (Democratic Republic of Congo, Uganda, South Sudan) എബോള എന്ന മാരക രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെയും, കേന്ദ്ര സർക്കാരിൻറെയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് കേരളത്തിലും തുടക്കം മുതലേ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ നാല് എയർപോർട്ടുകൾ, പ്രധാന തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ച് എബോള ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ സമ്പർക്ക ചരിത്രവും, രോഗലക്ഷണങ്ങളും കൃത്യമായി നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ യാത്രക്കാർക്ക് 21 ദിവസത്തെ ക്വാറന്റൈൻ നിർദ്ദേശിക്കുകയും വീട്ടിലെത്തിയാലുടൻ പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിൻറെ നിരീക്ഷണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇതിൻറെ ഫലമായാണ് കോട്ടയത്ത് ഒരാൾക്ക് രോഗലക്ഷണം കണ്ടയുടനെ ജില്ലയിലെ ഐസോലേഷൻ കേന്ദ്രത്തിലെത്തിച്ച് നിരീക്ഷണം ഏർപ്പെടുത്തുകയും കൃത്യമായ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തത്. എബോള ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ നൽകാൻ പതിനാല് ജില്ലകളിലും ഐസൊലേഷൻ ചികിത്സാ കേന്ദ്രങ്ങളും, ക്വാറന്റൈൻ കേന്ദ്രങ്ങളും സജ്ജമാക്കി. ആവശ്യമായ സാമഗ്രികളും ജീവനക്കാർക്ക് പരിശീലനങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത് വരെ എബോള ബാധിത പ്രദേശങ്ങളിൽ (Democratic republic of Congo, Uganda, South Sudan) നിന്നും 206 യാത്രക്കാർ കേരളത്തിൽ എത്തിയത്തിൽ 74 പേർ നിലവിൽ വീടുകളിൽ ക്വാറന്റൈനിലാണ്. 75 പേർ ക്വാറന്റൈൻ പൂർത്തികരിക്കുകയോ മടങ്ങി പോകുകയോ ചെയ്തിട്ടുണ്ട്. 57 പേരെ മറ്റു സംസ്ഥാനങ്ങളിലേക്ക് cross -notify ചെയ്തിട്ടുണ്ട്.



