തിളച്ച വെള്ളത്തിൽ മുളകുപൊടി കലർത്തി ഒഴിച്ചു.. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു..

അയൽവാസി തിളച്ച വെള്ളത്തിൽ മുളകുപൊടി കലർത്തി ഒഴിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മരിച്ചത് കട്ടപ്പന വലിയപാറ പാറപ്പാട്ട് സ്വദേശി രാജീവ്ൻ ആണ്. 58 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വലിയപാറ അങ്ങേമഠം സ്വദേശിയായ ബിജു (40)നെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ 3-നാണ് സംഭവം നടന്നത്. അയൽവാസികളായ രാജീവനും ബിജുവും തമ്മിൽ ഉണ്ടായ തർക്കം അതിക്രമത്തിലേക്ക് നീങ്ങി. തർക്കത്തിനിടെ ബിജു തിളച്ച വെള്ളത്തിൽ മുളകുപൊടി കലർത്തി രാജീവന്റെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ രാജീവനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ അതീവ ഗുരുതരമായതിനാൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം രാത്രി മരണത്തിന് കീഴടങ്ങി.



