ദുബായിൽനിന്നെത്തി ബിസിനസ്.. സാമ്പത്തികബാധ്യത..കൂലിപ്പണിക്കും പോയി..കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..
കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായിയില്‍ ഒരുകുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയതിന് പിന്നില്‍ സാമ്പത്തികബാധ്യതയെന്ന് സൂചന. പറക്കളായിയിലെ കര്‍ഷകനായ ഗോപി(58), ഭാര്യ ഇന്ദിര(54), മകന്‍ രഞ്‌ജേഷ്(34) എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ആസിഡ് കുടിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. മറ്റൊരു മകനായ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം ഇവര്‍ ബന്ധുവീടുകളില്‍ പോകുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്തതായി അയല്‍വാസികള്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോണ്‍ കോളിലാണ് വിവരമറിയുന്നത്. ഫോണ്‍ വിളിച്ചത് രഞ്‌ജേഷാണെന്ന് കരുതുന്നു. തീരെ വയ്യ ആശുപത്രിയില്‍ എത്തിക്കണം എന്നുമാത്രമാണ് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയപ്പോള്‍ മൂന്നുപേരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു.
സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ഉറപ്പു പറയാനാകില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ പറഞ്ഞു. രഞ്‌ജേഷും രാകേഷും നേരത്തെ ദുബായിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തി ബിസിനസ് തുടങ്ങി. പലചരക്ക് സാധനങ്ങളുള്‍പ്പെടെ വീടുകളിലെത്തിച്ചു നല്‍കുന്നതായിരുന്നു ബിസിനസ്. ഇതില്‍ വലിയ നേട്ടമുണ്ടായില്ലെന്നും വലിയ സാമ്പത്തിക ബാധ്യത ഇതുവഴി ഉണ്ടായെന്നും അറിയുന്നു. ഈ ബിസിനസ് നിര്‍ത്തി ഇവര്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങിയിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.