സിറിഞ്ചും കാനുലയും എങ്ങനെ വീട്ടിൽ വന്നു.. കൊലപാതകം തെളിയിച്ചത് ആ സംശയം.. ഡോ. കൃതികയെ കൊന്നത്..
യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. യുവ ഡോക്ടർ കൃതിക റെഡ്ഡിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞതിന് പിന്നാലെയാണ് ഭർത്താവായ ഡോ. മഹേന്ദ്ര റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണു ഡോ. കൃതികയെ ഭർത്താവായ മഹേന്ദ്ര റെഡ്ഡി കൊലപ്പെടുത്തിയത്. കൃതിക മരിച്ച് ആറ് മാസത്തിനു ശേഷമാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. പിന്നാലെ ഡോ. മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 21നായിരുന്നു കൃതിക മരിക്കുന്നത്. ചർമരോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡിയെ ബെംഗളൂരു മുന്നെക്കൊല്ലാലയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയാണ് ഭാര്യയെ ആബോധാവസ്ഥയിൽ ആദ്യം കാണുന്നത്. മഹേന്ദ്ര കൃതികയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് മാറത്തഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ജനറൽ സർജനായ ഡോ. മഹേന്ദ്ര റെഡ്ഡിയും കൃതികയും കഴിഞ്ഞ വർഷം മേയിലാണ് വിവാഹിതരായത്. മഹേന്ദ്രയും കൃതികയും ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കൃതികയുടെ മരണത്തിനു പിന്നാലെ ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ചില നിർണായക തെളിവുകൾ ലഭിച്ചിരുന്നു. ഇൻജക്ഷൻ ട്യൂബ്, കാനുല സെറ്റ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് സംശയാസ്പദ സാഹചര്യത്തിൽ പൊലീസ് കണ്ടെത്തിയത്. ഇതിനെതുടന്ന് കൃതികയുടെ ആന്തരികാവയവങ്ങളിൽ നിന്നുള്ള സാംപിളുകൾ പരിശോധനക്കയച്ചു. ഇതിൽ നിന്നാണ് പ്രൊപോഫോൾ എന്ന ശക്തിയേറിയ അനെസ്തെറ്റിക് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.