‘6 കോടി നിക്ഷേപിച്ചു, 500 കോടി തട്ടി, രാജീവ് ചന്ദ്രശേഖറും കുടുംബവും ചതിച്ചത് കർഷകരെ, കൂട്ടിന് മന്ത്രിമാരും’

കർണാടക ഭൂമി കുംഭകോണത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജലി രാജീവ് ചന്ദ്രശേഖറിനും ഭാര്യാപിതാവ് അജിത് ഗോപാൽ നമ്പ്യാർക്കുമെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരനായ ഡൽഹി ഹൈക്കോടതി അഭിഭാഷകൻ കെ എൻ ജഗദേഷ് കുമാർ. ബിസിനസിനും ഫാക്ടറികൾക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്‌മെന്റ് ബോർഡ്)യിൽ നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് പരാതി. 1994ൽരാജീവ് ചന്ദ്രശേഖറിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികൾക്ക് വലിയ തുകയ്ക്ക് വിറ്റെന്ന ആരോപണമാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.
‘ബിപിഎൽ ഫാക്ടറിക്ക് വേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും പിതാവും ഭൂമി വാങ്ങിയത്. ഭാര്യയും ഭാര്യപിതാവും ഇതിന്റെ ഡയറക്ടർമാരാണ്. കെഐഎഡിബി കരാർ പ്രകാരം മൂന്ന് മാസത്തിനകം പ്ലാൻ നൽകുമെന്നും പ്രവർത്തനങ്ങൾ തുടങ്ങുമെന്നും പറഞ്ഞു. എന്നാൽ 14 വർഷങ്ങൾക്ക് ശേഷവും അതിലൊരു ഇഷ്ടിക പോലും അവർ വെച്ചിട്ടില്ല. പദ്ധതി പ്രകാരം അവർ 6 കോടി നിക്ഷേപം നടത്തി. 2009ൽ ഇത് മാരുതി കമ്പനി അടക്കമുള്ള വൻകിട കമ്പനികൾക്ക് മറിച്ചു വിറ്റു’, ജഗദേഷ് കുമാർ പറഞ്ഞു.


