മെയ് 7 മുതൽ അദ്ദേഹത്തെ കാണാതായി.. പത്മശ്രീ ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പന്റെ മൃതദേഹം കാവേരി നദിയിൽ.. മരണത്തിൽ ദുരൂഹത…
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐസിഎആർ) മുൻ തലവനും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ(70) കാവേരി നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് നദിയിലൂടെ മൃതദേഹം നദിയിലൂടെ ഒഴുകി വന്നത്. മൈസൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ മാണ്ഡ്യയ്ക്കടുത്താണ് മൃതദേഹം കണ്ടത്. പ്രദേശവാസികൾ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം സുബ്ബണ്ണ അയ്യപ്പന്റേതാണെന്ന് തിരിച്ചറിഞ്ഞത്. അയ്യപ്പന്റെ സ്കൂട്ടർ നദിക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മെയ് 7 മുതൽ അദ്ദേഹത്തെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് മൈസൂരിലെ വിദ്യാരണ്യപുരം പൊലീസ് സ്റ്റേഷനിൽ അയ്യപ്പന്റെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നു. ശ്രീരംഗപട്ടണയിലെ സായിബാബ ആശ്രമത്തിന് സമീപം അയ്യപ്പൻ നദിയിൽ ചാടിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ കർണാടക പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണത്തിന് ശേഷമേ മരണകാരണം കൃത്യമായി പറയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കാവേരി നദിയുടെ തീരത്ത് ധ്യാനത്തിനായി അയ്യപ്പൻ പലപ്പോഴും എത്താറുണ്ടെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊലീസിനെ അറിയിച്ചു.
2013-ൽ കർണാടക രാജ്യോത്സവ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ശാസ്ത്രത്തിനും എഞ്ചിനീയറിംഗിനും നൽകിയ സംഭാവനകളെ മാനിച്ച് 2022-ലാണ് കേന്ദ്രസർക്കാർ പത്മശ്രീ നൽകി ആദരിച്ചത്. ഭുവനേശ്വറിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടർ അക്വാകൾച്ചറിൻ്റെ (സിഐഎഫ്എ) ഡയറക്ടറായും മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷൻ്റെ (സിഐഎഫ്ഇ) ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ഇംഫാലിലെ സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (സിഎയു) വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്.