’10 ദിവസം മുൻപ് സ്ഥലത്തെത്തി സാധ്യതകൾ ഉറപ്പാക്കി, മുഖത്ത് കുരുമുളക് സ്പ്രേയടിച്ചു… ജെസി കൊലപാതകത്തിൽ സാമിന്റെ മൊഴി പുറത്ത്…
കോട്ടയം കാണക്കാരിയിൽ ഭാര്യയെ കൊന്നു കൊക്കയിൽ തള്ളിയത് ദിവസങ്ങളോളം ആസൂത്രണം ചെയ്താണെന്ന് പ്രതി സാം കെ. ജോർജിന്റെ മൊഴി. കുടുംബ പ്രശ്നങ്ങളും സ്വത്തു തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൃതദേഹം ഉപേക്ഷിച്ച ശേഷം നാടുവിട്ട പ്രതിയെ മൊബൈൽ ഫോൺ ലൊക്കേഷനും സിസിടിവികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പോലീവ് അറസ്റ്റ് ചെയ്തത്.
ഒരു വീട്ടിൽ ആണ് കഴിയുന്നത് എങ്കിലും ജെസ്സി സാമും ഭർത്താവ് സാം കെ ജോർജും തമ്മിൽ ബന്ധം ഉണ്ടായിരുന്നില്ല. ഭാര്യ വീടിന്റെ താഴത്തെ നിലയിലും ഭർത്താവ് മുകളിലെ നിലയിലും ആണ് താമസിച്ചിരുന്നത്. സാമിന് പരസ്ത്രീ ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് പലതവണ ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു സ്ത്രീയുമായി സാം കെ ജോർജ് വീട്ടിലെത്തിയത് ജെസ്സി ചോദ്യം ചെയ്തു. തുടർന്ന് വാക്കുതർക്കം ഉണ്ടായി. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സാം കെ ജോർജിന്റെ മൊഴി
ഇക്കഴിഞ്ഞ 26 ന് ആണ് കാണക്കാരിയിലെ വീട്ടിൽ വച്ചാണ് ജെസ്സിയെ സാം കൊന്നത്. ആദ്യം മുഖത്ത് കുരുമുളക് സ്പ്രേ തളിക്കുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലുകയും ആയിരുന്നു. ഇതിനുശേഷം മൃതദേഹം കാറിൽ കയറ്റി തൊടുപുഴക്ക് അടുത്ത് ചെപ്പുകുളം ചക്കുരംമാണ്ടി പ്രദേശത്ത് കൊണ്ടുതള്ളി. കൊലപാതകം നടക്കുന്നതിന് 10 ദിവസം മുമ്പ് പ്രതി ഈ സ്ഥലത്ത് എത്തി മൃതദേഹം മറവ് ചെയ്യാനുള്ള സാധ്യതകൾ ഉറപ്പാക്കിയിരുന്നു. മൃതദേഹം കൊക്കയിൽ തള്ളിയശേഷം ഇയാളുടെ സുഹൃത്തായ വിദേശ വനിതയ്ക്കൊപ്പമാണ് മൈസൂരിലേക്ക് കടന്നത്. അവിടെനിന്നാണ് പോലീസ് സാം കെ ജോർജിനെ കസ്റ്റഡിയിൽ എടുത്തത്
സാം കെ ജോർജിനൊപ്പം ഉണ്ടായിരുന്ന വിദേശവനിതയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. എംജി സർവകലാശാലയിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ വിദ്യാർത്ഥി കൂടിയാണ് സാം കെ ജോർജ്. വീടിന്റെ പരിസരത്തുള്ള നാട്ടുകാരുമായി യാതൊരു തരത്തിലുള്ള ബന്ധവും ജെസിക്കും സാമിനും ഉണ്ടായിരുന്നില്ല. ജെസ്സിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി