വടകരയിൽ കെ. കെ രമയുടെ ചുമരെഴുത്തിന് മേൽ കരിയോയിൽ പ്രയോഗം…. ഹീനകൃത്യത്തിന് പിന്നിൽ ഇടതപക്ഷമെന്ന് ആർഎംപിഐ

വടകര: വടകര നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് പിന്തുണയുള്ള ആർഎംപിഐ സ്ഥാനാർത്ഥി കെ. കെ രമയ്ക്ക് നേരെ വ്യാപകമായ അക്രമവും സൈബർ കടന്നാക്രമണവും. വെള്ളികുളങ്ങരയിൽ രമയുടെ തിരഞ്ഞെടുപ്പ് ചുമരെഴുത്തുകൾ കരിയോയിൽ ഒഴിച്ച് വികൃതമാക്കിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആർഎംപിഐ ചോമ്പാല പോലീസിൽ പരാതി നൽകി.

വടകര ടൗണിലെ വെള്ളികുളങ്ങരയിലുള്ള മതിലുകളിൽ സ്ഥാനാർത്ഥിക്ക് വേണ്ടി എഴുതിയ പ്രചാരണ വാചകങ്ങളാണ് പൂർണ്ണമായും കരിയോയിൽ ഒഴിച്ച് നശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തിരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട ഇടതുപക്ഷമാണ് ഈ കൃത്യത്തിന് പിന്നിലെന്ന് ആർഎംപിഐ ആരോപിച്ചു. ചോമ്പാൽ ഹാർബറിൽ പ്രചാരണത്തിനിടെ കെ. കെ രമയെ പൊതുജനങ്ങൾ തടഞ്ഞുവെച്ചുവെന്ന രീതിയിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് സ്ഥാനാർത്ഥി വ്യക്തമാക്കി.

നവമാധ്യമങ്ങളിലൂടെ തനിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ. കെ രമ റൂറൽ എസ്പിക്ക് പരാതി നൽകി. എഐ വീഡിയോ നിർമ്മിച്ചവരെയും അത് പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്നാണ് ആവശ്യം. വടകരയിൽ ശക്തമായ മത്സരം കാഴ്ചവെക്കുന്ന കെ. കെ രമയെ വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ കുറ്റപ്പെടുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button