കെ.കെ മഹേശന്റെ മരണം: വെള്ളാപ്പള്ളിയെ പ്രതിക്കൂട്ടിലാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് അയച്ച കത്ത് പുറത്ത്…. പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് സംസ്ഥാന കോ-ഓർഡിനേറ്ററുമായിരുന്ന കെ.കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെ കൂടുതൽ പ്രതിക്കൂട്ടിലാക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. മരിക്കുന്നതിന് തൊട്ടുമുമ്പ് കെ.കെ മഹേശൻ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്ക് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേസിൽ തന്നെ മാത്രം ബലിയാടാക്കാൻ വലിയ രീതിയിലുള്ള സമ്മർദമുണ്ടായെന്ന് കത്തിൽ മഹേശൻ വ്യക്തമാക്കുന്നു.

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസിൽ അദ്ദേഹത്തിന്റെ സമ്മർദത്തിന് വഴങ്ങി പൊലീസ് തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് കത്തിൽ പറയുന്നു. കഴിഞ്ഞ 15 വർഷമായി താൻ പോയിട്ടുപോലുമില്ലാത്ത സ്ഥലങ്ങളിലെ കേസുകളിൽ വരെ തന്നെ പ്രതിയാക്കാൻ ഉദ്യോഗസ്ഥർ നിർബന്ധബുദ്ധി കാണിച്ചതായി മഹേശൻ ആരോപിക്കുന്നു. മരിക്കുന്നതിന്റെ തലേദിവസം ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് പോയപ്പോൾ മഹേശനെ മാനസികമായി തകർക്കാനും കുടുക്കാനുമുള്ള ശ്രമങ്ങളാണ് നടന്നതെന്ന് ബന്ധുവായ എം.എസ് അനിൽ വെളിപ്പെടുത്തി. പ്രശാന്ത് കാണി, സന്തോഷ് കുമാർ, ഗോപകുമാർ എന്നീ ഉദ്യോഗസ്ഥരാണ് സമ്മർദം ചെലുത്തിയത്. കേസിൽ തനിക്ക് യാതൊരു ഭയവുമില്ലെന്നും താൻ തന്റെ ചുമതല മാത്രമാണ് നിർവഹിച്ചതെന്നും പണം കൈകാര്യം ചെയ്തതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും മരണം വരെ മഹേശൻ പറഞ്ഞിരുന്നതായി അനിൽ കൂട്ടിച്ചേർത്തു.

സംസ്ഥാന പിന്നാക്ക ക്ഷേമ കോർപ്പറേഷൻ കുറഞ്ഞ പലിശയ്ക്ക് നൽകുന്ന വായ്പകൾ എടുത്ത ശേഷം, എസ്എൻഡിപി യൂണിയനുകൾ അത് അംഗങ്ങൾക്ക് കൂടിയ നിരക്കിൽ നൽകിയതാണ് കേസിന് ആധാരം. നിർധനരായ സ്ത്രീകളുടെ പേരിൽ വ്യാജരേഖകൾ ചമച്ച് വൻ തുക തട്ടിയെടുത്ത കേസും ഇതിലുണ്ട്. ഈ കേസിൽ തന്നെ ഒത്തുകളിച്ച് പ്രതിപ്പട്ടികയിൽ ഒന്നാമതുള്ള വെള്ളാപ്പള്ളിയും സംഘവും കുരുക്കാൻ ശ്രമിക്കുന്നു എന്ന ആശങ്കയിലാണ് 2020 ജൂൺ 24-ന് മഹേശൻ ജീവനൊടുക്കിയത്. മഹേശൻ മരിച്ച് ആറ് വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിക്കാൻ പുതിയൊരു പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഇപ്പോൾ സർക്കാർ ആലോചിക്കുന്നുണ്ട്.

Related Articles

Back to top button