പഴയങ്ങാടി പുലിമുട്ടിനു സമീപം മൃതദേഹം കണ്ടെത്തി…
പഴയങ്ങാടി മാട്ടൂൽ സൗത്ത് പുലിമുട്ടിന് സമീപം ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതശരീരമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശി രാജുവിന്റെ (രാജേഷ് –39) മൃതദേഹമാണോ ഇതെന്ന് തിരിച്ചറിയുന്നതിനായി ബന്ധുക്കളോട് എത്തിച്ചേരാൻ പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പഴയങ്ങാടി പോലീസ് എത്തിച്ചേരുകയും മൃതദേഹം നീക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെയാണ് വളപട്ടണം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. യുവാവും തനിക്ക് ഒപ്പം ചാടിയെന്നാണ് യുവതി പറഞ്ഞത്. നീന്തൽ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര കിലോമീറ്റർ അകലെ കപ്പക്കടവ് ഭാഗത്ത് പുഴയോരത്ത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. യുവതി പറഞ്ഞതനുസരിച്ച്, ഒപ്പം ചാടിയ യുവാവ് പെരിയാട്ടടുക്കം സ്വദേശി രാജുവാണെന്നും മനസ്സിലാക്കുകയും ഇയാൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല കോടതിയിൽ ഹാജരാക്കിയ യുവതിയെ തിങ്കളാഴ്ച തന്നെ കുടുംബത്തിനൊപ്പം പറഞ്ഞയച്ചിരുന്നു.
അതേസമയം ചൊവ്വാഴ്ച മറ്റൊരു മൃതദേഹം കണ്ടെത്തിയിരുന്നു. അഴീക്കോട് കപ്പക്കടവിലെ ചേലോറകണ്ടിക്കൽ വീട്ടിൽ ഹരീഷിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു ദിവസം മുൻപാണ് ഇയാൾ പുഴയിൽ ചാടിയത്.