അതിവേഗം 4 വിക്കറ്റുകള്‍! ആ റെക്കോര്‍ഡ് ഇനി കുല്‍ദീപിന്റെ പേരില്‍…

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ അനായാസ വിജയം സമ്മാനിച്ചത് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ മിന്നും ബൗളിങാണ്. മത്സരത്തില്‍ 2.1 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി കുല്‍ദീപ് 4 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇതോടെ ഒരപൂര്‍വ റെക്കോര്‍ഡും കുല്‍ദീപ് സ്വന്തമാക്കി.

ഏഷ്യാ കപ്പില്‍ ഏറ്റവും വേഗത്തില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമായി കുല്‍ദീപ് മാറി. 13 പന്തിലാണ് കുല്‍ദീപ് 4 വിക്കറ്റുകള്‍ വീഴ്ത്തിയത്. പാകിസ്ഥാന്‍ ബൗളര്‍ ഷദബ് ഖാന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് കുല്‍ദീപ് മറികടന്നത്. 2022ലെ ഏഷ്യാ കപ്പില്‍ ഷദബ് 17 പന്തുകള്‍ക്കിടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഹോങ്കോങിനെതിരെയായിരുന്നു പാക് താരത്തിന്റെ മികച്ച ബൗളിങ്.

കുല്‍ദീപിന്റെ ബൗളിങ് ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമായും മാറി. ആദ്യ ഓവറില്‍ വിക്കറ്റ് ഒന്നും ലഭിച്ചില്ലെങ്കിലും രണ്ടാമത്തെ ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് കുല്‍ദീപ് മികവിലേക്ക് ഉയര്‍ന്നത്. 14-ാം ഓവര്‍ എറിഞ്ഞ കുല്‍ദീപ് ഹൈദര്‍ അലിയെ പുറത്താക്കിയതോടെ യുഎഇ വെറും 57 റണ്‍സിന് പുറത്തായി. ഇന്ത്യ 4.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു.

2017ലാണ് കുല്‍ദീപ് ടി20യില്‍ അരങ്ങേറ്റം കുറിച്ചത്. നാലു വിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെ ടി20യിലെ വിക്കറ്റ് വേട്ടയില്‍ ആര്‍ അശ്വിനെ മറികടക്കാനും കുല്‍ദീപിനായി. അശ്വിന്‍ തന്റെ ടി20 കരിയറില്‍ 72 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. യുഎഇയ്ക്കെതിരായ മത്സരത്തിന് മുമ്പ് കുല്‍ദീപിന്റെ അക്കൗണ്ടില്‍ 69 വിക്കറ്റുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 41 മത്സരങ്ങളില്‍ നിന്ന് 73 വിക്കറ്റുകള്‍ കുല്‍ദീപിന്റെ പേരിലുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലും കുല്‍ദീപ് ടീം ഇന്ത്യയുടെ ഭാഗമാണ്.

Related Articles

Back to top button