പ്രത്യേക പൂജ നടത്തുന്നതിനിടെ തീപിടിത്തം..യുവതി വെന്ത് മരിച്ചു…

അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് 46 വയസ്സുള്ള ഇന്ത്യക്കാരി മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നതായി അധികൃതർ അറിയിച്ചു. അൽ മജാസ് 2 ഏരിയയിലിലെ ഇവരുടെ അപ്പാർട്മെന്റിൽ സംഭവ ദിവസം പ്രത്യേക ചടങ്ങുകൾ നടന്നിരുന്നു. പൂജ സമയത്ത് ഉപയോഗിച്ച തീയാകാം പടർന്ന് പിടിച്ചത് എന്നാണ് പ്രാഥമിക നിഗമനമെന്ന്  അധികൃതർ വ്യക്തമാക്കി.

പതിനൊന്ന് നിലകളുള്ള ഒരു റസിഡൻഷ്യൽ കെട്ടിടത്തിന്റെ എട്ടാം നിലയിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഇത് ശ്രദ്ധയിൽപ്പെട്ട ഫ്ലാറ്റിനടുത്ത് കട നടത്തുന്നയാളാണ് വിവരം പൊലീസിനെ അറിയിച്ചത്. രാത്രി 10.45 -ന് സിവിൽ ഡിഫൻസ് സംഘം, പൊലീസ്, ആംബുലൻസ് എന്നിവ ഉടൻ സ്ഥലത്തെത്തി തീ അണച്ചു. തുടർന്ന് റൂമിൽ നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫൊറൻസിക് ലാബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ദുരന്തത്തിന് ശേഷം കെട്ടിടത്തിലെ താമസക്കാർക്ക് താൽക്കാലിക താമസസൗകര്യമോ മറ്റ് സഹായങ്ങളോ കെട്ടിട മാനേജ്‌മെന്റ് നൽകിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. അപകടത്തിൽ കാലിന് പരിക്കേറ്റ മറ്റൊരാൾ സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും സുരക്ഷാ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനും പൊലീസ് അന്വേഷണം തുടരുന്നുണ്ട്. അതെ സമയം മരിച്ച ഇന്ത്യക്കാരിയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button