പാകിസ്താന്റെ നട്ടെല്ലും തകർത്ത് ഇന്ത്യ..മിറാഷ് യുദ്ധവിമാനം തകർത്ത് തരിപ്പണമാക്കിയെന്ന് സേന…
പാകിസ്താന്റെ മിറാഷ് ഫൈറ്റർ ജെറ്റ് തകർത്തതായി ഇന്ത്യൻ സേന. തകർന്നുവീണ മിറാഷ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു സേന ഇക്കാര്യം വ്യക്തമാക്കിയത്. ആകാശത്തുവെച്ച് ശത്രുവിനെ നശിപ്പിക്കുന്നുവെന്ന അടിക്കുറിപ്പോടെ ഇന്ത്യൻ സേന എക്സ് പ്ലാറ്റ്ഫോമിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സേനാ മേധാവിമാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് പ്രതിരോധമിസൈൽ ഉൾപ്പെടെ ഉപയോഗിച്ചാണ് പാകിസ്താന് തിരിച്ചടി നൽകിയതെന്നും പ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചെന്നും സേന വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യത്തെ പ്രസ്താവനയായിരിക്കുമിത്. ഇന്ത്യ-പാകിസ്താൻ പെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടുദിവസം പിന്നിടുമ്പോഴാണ് മോദി ജനങ്ങളെ അഭിസംബോധനചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ വസതിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, സേനാ മേധാവിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി-റോ ഡയറക്ടർമാർ അടക്കമുള്ളവരുടെ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചത്.