ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ചും ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും വ്യക്തമാക്കിയുള്ള ഇന്ത്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടി പ്രസ്താവനയുമായി ബംഗ്ലാദേശ്. ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ആക്രമിച്ചുവെന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ പ്രചാരണം ഇന്ത്യ പ്രസ്താവനയിൽ തള്ളിയിരുന്നു. എന്നാൽ, ഇന്ത്യയുടെ പ്രസ്താനവന അംഗീകരിക്കാതെ ദില്ലിയിലെ ബംഗ്ലാദേശ് ഹൈകമ്മീഷന് അടുത്ത് ആള്‍ക്കൂട്ടമെത്തിയത് ആശങ്കയായുണ്ടാക്കുന്നതാണെന്നാണ് ബംഗ്ലാദേശ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. തെറ്റിദ്ധാരണജനകമായ പ്രചാരണമെന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്നും ഹിന്ദു യുവാവിന്‍റെ കൊലപാതകം ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമമായി ചിത്രീകരിക്കരുതെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പിൽ വ്യക്തമാക്കി.ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തെക്കനേഷ്യൻ രാജ്യങ്ങളുടെയെല്ലാം ഉത്തരവാദിത്വമാണെന്നും ബം​ഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഷെയ്ക് ഹസീനയ്ക്കെതിരായ പ്രക്ഷോഭം നടത്തിയ യുവാക്കളുടെ സംഘടനയായ ഈൻക്വിലാബ് മഞ്ചിന്‍റെ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിനുശേഷമുള്ള സാഹചര്യത്തെക്കുറിച്ച് ഇന്ത്യ ഇന്നാണ് ഔദ്യോഗികമായി പ്രതികരിച്ചത്. ദില്ലിയിലെ ബംഗ്ലാദേശി ഹൈക്കമ്മീഷൻ ഒരു സംഘം ആക്രമിച്ചുവെന്ന് ചില ബംഗ്ലാദേശി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് അടിസ്ഥാഹരിതമാണെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കിയി. ഇന്നലെ രാത്രി 25ഓളം പേർ ഹൈക്കമ്മീഷന് അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. അക്രമത്തിനിടെ ബംഗ്ലാദേസിൽ ഹിന്ദു യുവാവ് ദിപു ചന്ദ്രദാസിനെ മരത്തിൽ കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തിയതിലായിരുന്നു പ്രതിഷേധം. ഈ ചെറിയ സംഘം ഹൈക്കമ്മീഷനിലേക്ക് തള്ളിക്കയറിയെന്ന വാർത്ത തെറ്റെന്നും ഇന്ത്യ വ്യക്തമാക്കി. ദിപു ചന്ദ്രദാസിന്‍റെ കൊലയാളികളെ ബംഗ്ലാദേശ് നിയമത്തിനു മുന്നിൽ കൊണ്ടു വരണം. ഹിന്ദുക്കൾ അടക്കമുള്ള ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഇക്കാര്യത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ ബംഗ്ലാദേശ് അധികൃതരുമായി നിരന്തരം സമ്പർക്കത്തിലാണ്.

ബംഗ്ലാദേശിൽ ഉരുത്തിരിയുന്ന സാഹചര്യം നിരീക്ഷിക്കുകയാണെന്നും ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. ഹിന്ദു യുവാവിന്‍റെ കൊലപാതകത്തിൽ പത്തു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷെരീഫ് ഒസ്മാൻ ഹാദിയുടെ സംസ്കാരം ഇന്നലെ ബംഗ്ലാദേശിൽ നടന്നിരുന്നു. ഈൻക്വിലാബ് മഞ്ചിലെ തന്നെ പ്രവർത്തകനായ ഫൈസൽ കരീമാണ് ഹാദിയെ വധിക്കുന്നതിന് നേതൃത്വം നല്കിയത്. ഇയാൾ നേരത്തെ ഷെയ്ക് ഹസീനയുടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ ഉണ്ടായിരുന്നു. 

Related Articles

Back to top button