നെയ്യാറിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ…ആത്മഹത്യാ കുറിപ്പിൽ പറയുന്നത്…

തിരുവനന്തപുരം: നെയ്യാറിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏക മകന്റെ മരണത്തിൽ മനംനൊന്താണ് ദമ്പതികൾ ജീവനൊടുക്കിയതെന്ന വിവരമാണ് പുറത്ത് വന്നത്. മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരെയാണ് ഇന്ന് രാവിലെ നെയ്യാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്നേഹദേവിന്റെയും മൃതദേഹം കണ്ടെത്തിയത്. കരയിൽ നിന്നും ഇരുവരുടേയും ചെരുപ്പുകളും 4 പേജുളള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.പരസ്പരം കൈകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.രാവിലെ എട്ടരയോടെ കാറിൽ ഇവിടെയെത്തിയ ദമ്പതികൾ കൈകൾ ചേർത്ത് കെട്ടി നെയ്യാറിൽ ചാടുകയായിരുന്നു. ഇരുവരുടേയും ഏക മകനായിരുന്ന ശ്രീദേവ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അപകടത്തിൽ മരിച്ചത്. ലോ അക്കാദമിയിൽ അവസാന വർഷ വിദ്യാർഥിയായിരുന്നു ശ്രീദേവ്. ശ്രീദേവിന്റെ മരണം നൽകി വേദനയിൽ നിന്നും കരകയറാനാകാതെയാണ് ജീവിക്കുകയായിരുന്നു ദമ്പതികൾ. ഒടുവിൽ മകന്റെ മരണത്തിന് ഒരു വർഷമാകാനിരിക്കെയാണ് ജീവനൊടുക്കിയത്. മകന്റെ സ്കൂൾ ബെൽറ്റ് സ്നേഹദേവ് അരയിൽ കെട്ടിയിരുന്നു. മകന്റെ മരണത്തിലെ വേദന സഹിക്കാനാകുന്നില്ല. മകൻ മരിച്ച ശേഷം ജീവിതം ദുരിത പൂർണ്ണമാണ്. ഇനിയും ജീവിക്കാൻ കഴിയുന്നില്ല. തുടങ്ങിയ വിവരങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.

Related Articles

Back to top button