ഐഐടി ഖരഗ്പൂരിലെ 6ാമത്തെ അസ്വാഭാവിക മരണം.. ഗവേഷക വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..
ഖരഗ്പൂർ: ഐഐടി-ഖരഗ്പൂരിൽ ഗവേഷക വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ബിആർ അംബേദ്കർ ഹാളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഝാർഖണ്ഡ് സ്വദേശിയായ ഹർഷ കുമാർ പാണ്ഡെ(27) ആണ് മരിച്ചത്. ഈ വർഷം ഇൻസ്റ്റിറ്റ്യൂട്ടിൽ തൂങ്ങി മരിച്ച അഞ്ചാമത്തെ കേസാണിത്. ഖരഗ്പൂർ ടൗൺ പോലീസിന് കീഴിലുള്ള ഹിജ്‌ലി ഔട്ട്‌പോസ്റ്റ് പോലീസാണ് മൃതദേഹം കണ്ടെടുത്തത്.
മൗലാനാ അബ്ദുൾ കലാം ആസാദ് യൂനിവേഴ്സ്റ്റി ഓഫ് ടെക്നോളജിയിൽ നിന്ന് ബി ടെക്കും മോത്തിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എം. ടെക്കും പൂർത്തിയാക്കിയ ശേഷമാണ് ഹർഷ കുമാർ ഖരഗ്പൂർ ഐ.ഐ.ടിയിൽ പി.എച്ച്.ഡിക്ക് പ്രവേശിക്കുന്നത്.
മകനെ ഫോണിൽ വിളിച്ചിട്ടെടുക്കാത്തതിനെ തുടർന്ന് പിതാവ് സുരക്ഷാ ജീവനക്കാരനുമായി ബന്ധപ്പെടുകയായിരുന്നുവെന്നും തുടർന്ന് നോക്കുമ്പോൾ മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയുമായിരുന്നുവെന്നുമാണ് ഐ.ഐ.ടി അധികൃർ പറയുന്നത്.
ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഹർഷകുമാറിനെ ബി സി റോയ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ വർഷം ഖരഗ്പൂർ ഐ.ഐ.ടിയിൽ റിപ്പോർട്ട് ചെയ്യുന്ന 6ാമത്തെ അസ്വാഭാവിക മരണമാണിത്. അതിൽ 5 പേരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലിവിലെ സംഭവത്തിൽ ഐ.ഐ.ടിഅധികൃതരിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
അവസാന കേസ് രണ്ട് മാസം മുമ്പ് ജൂലൈയിൽ ആയിരുന്നു. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്നുള്ള രണ്ടാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ചന്ദ്രദീപ് പവാർ മരുന്ന് കഴിച്ച് ശ്വാസം മുട്ടി മരണപ്പെടുകയായിരുന്നു. അതേസമയം വിദ്യാർത്ഥികളുടെ മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായി സേതു ആപ്പ്, മദർ കാമ്പസ്, മറ്റ് പരിപാടികൾ തുടങ്ങിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.