‘പിഎം ശ്രീ പദ്ധതി മുടക്കാൻ നോക്കിയാൽ ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി തകരും…. യുഡിഎഫിന്റേത് വഞ്ചനാ സർക്കാർ’…. കെ സുരേന്ദ്രൻ

പിഎം ശ്രീ പദ്ധതി സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമാണെന്നും അത് മുടക്കാൻ ശ്രമിച്ചാൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ഇല്ലാതാവുകയെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഈ പദ്ധതി ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും ഇതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടലുണ്ടായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. അന്ന് വി ശിവൻകുട്ടി തലയിൽ മുണ്ടിട്ടാണ് ഡൽഹിയിൽ പോയി ഒപ്പിട്ടത്. മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ മന്ത്രിക്ക് ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കേണ്ടി വരുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ ഇപ്പോൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. പ്രകടനപത്രികയിൽ പറഞ്ഞ ഒരു വാഗ്ദാനം പോലും പാലിക്കാൻ അവർ തയ്യാറാകുന്നില്ല. മുഴുവൻ സ്ത്രീകൾക്കും സൗജന്യ കെഎസ്ആർടിസി യാത്ര പ്രഖ്യാപിച്ചിട്ട് ഇപ്പോൾ ഓർഡിനറി ബസുകളിൽ മാത്രമായി അത് പരിമിതപ്പെടുത്താൻ പോകുകയാണ്. യുഡിഎഫിന്റെ രക്തത്തിലലിഞ്ഞതാണ് വഞ്ചനയെന്നും അവർ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞ യുഡിഎഫ് ഇപ്പോൾ അതിന് തയ്യാറാകുന്നില്ല. വന്യജീവി സംഘർഷം രൂക്ഷമായപ്പോൾ മുൻപ് എൽഡിഎഫ് സർക്കാരിനെതിരെ രംഗത്തുവന്ന രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇപ്പോൾ യുഡിഎഫ് അധികാരത്തിൽ വന്നിട്ടും ഒരു നടപടിയും എടുക്കുന്നില്ല. ഇപ്പോഴും വനപാലകരുടെ കൈയിൽ മുളവടിയും ടോർച്ചും മാത്രമാണുള്ളതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
തനിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. എന്ത് സോഴ്സിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് അറിയില്ല. കേന്ദ്രമന്ത്രിസഭയിൽ ഇപ്പോൾ പുനഃസംഘടന നടക്കുമെന്ന് ആര് പറഞ്ഞു? അത്തരം ചോദ്യങ്ങൾക്ക് പോലും പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




