സഹകരണ സോഫ്റ്റ്വെയർ കരാറിൽ സർക്കാരിന് വൻ തിരിച്ചടി…. ടെണ്ടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

സഹകരണ വകുപ്പിന്റെ സോഫ്റ്റ്വെയർ കരാർ നടപടികളിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. വിവാദമായ ടെണ്ടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഏഴ് ഐ.ടി കമ്പനികൾ നൽകിയ ഹർജിയിൽ മെയ് 19 വരെ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് കോടതി ഉത്തരവിട്ടു. 700 കോടി രൂപയുടെ അഴിമതി ആരോപിക്കപ്പെട്ട കരാറിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ.
ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാർ നൽകാനുള്ള സർക്കാർ നീക്കത്തിനാണ് കോടതി തടയിട്ടത്. നടപടികളിലെ സുതാര്യത ചോദ്യം ചെയ്ത് സ്വകാര്യ ഐ.ടി കമ്പനികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സ്റ്റേ ഉത്തരവ്. പദ്ധതിയിൽ 700 കോടി രൂപയുടെ അഴിമതി നടന്നതായി രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ടാറ്റ കൺസൾട്ടൻസിക്ക് 206 കോടി രൂപയ്ക്ക് നൽകാമായിരുന്ന കരാർ, നാലിരട്ടിയിലധികം തുകയ്ക്ക് (700 കോടിയിലധികം) ദിനേശ് ബീഡി സംഘത്തിന് നൽകാനായിരുന്നു സർക്കാർ നീക്കം.
സഹകരണ മന്ത്രി വി. എൻ വാസവന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും ദിനേശ് ബീഡിക്ക് മാത്രം പങ്കെടുക്കാവുന്ന രീതിയിൽ ടെണ്ടർ വ്യവസ്ഥകൾ മാറ്റിയെഴുതിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സഹകരണ മേഖലയെ പൂർണ്ണമായും സിപിഐഎം നിയന്ത്രണത്തിലാക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ആരും അറിയാതെ ഈ പദ്ധതി നടപ്പിലാക്കാനായിരുന്നു സർക്കാർ ശ്രമമെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും യുഡിഎഫ് വ്യക്തമാക്കി.
അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമെതിരെ കേസെടുക്കുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. ഹൈക്കോടതി സ്റ്റേ വന്നതോടെ സഹകരണ വകുപ്പിന്റെ ഡിജിറ്റലൈസേഷൻ നടപടികൾ താൽക്കാലികമായി നിലച്ചിരിക്കുകയാണ്.



