സൂട്ട്കേസിൽ കുത്തിനിറച്ച നിലയിൽ അസ്ഥികൾ, ഭരണിക്കുള്ളിലാക്കിയ ഹൃദയം, വേവിച്ച നിലയിലുള്ള മനുഷ്യന്റെ മുഖം; ആശുപത്രി ജീവനക്കാരൻ പിടിയിൽ

ആശുപത്രി മോർച്ചറികളിൽ നിന്നും ശ്മശാനങ്ങളിൽ നിന്നും മൃതദേഹങ്ങൾ മോഷ്ടിച്ച് വീട്ടിൽ സൂക്ഷിക്കുകയും, അതിൽ ചില ഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്ത ഭീതിജനകമായ സംഭവത്തിൽ മുപ്പതുകാരനായ ആശുപത്രി ജീവനക്കാരൻ പിടിയിലായി. ഹംഗറിയിൽ ബുഡാപെസ്റ്റിലെ ഒരു ആശുപത്രിയിൽ പേഷ്യന്റ് ട്രാൻസ്പോർട്ടറായി ജോലി ചെയ്യുന്ന യുവാവിനെ ഹംഗേറിയൻ നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനാണ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ മനുഷ്യ ശരീരഭാഗങ്ങളുടെ വൻ ശേഖരമാണ് കണ്ടെത്തിയത്. വേവിച്ച നിലയിലുള്ള മനുഷ്യന്റെ മുഖം, ചർമ്മം, കാൽ, തലച്ചോറ്, കൈപ്പത്തി, തലയോട്ടികൾ എന്നിവയ്ക്ക് പുറമെ, തുന്നിച്ചേർത്ത മനുഷ്യചർമ്മം കൊണ്ടുള്ള മാസ്ക്, ഭരണിക്കുള്ളിലാക്കിയ ഹൃദയം, സൂട്ട്കേസിൽ കുത്തിനിറച്ച നിലയിൽ അസ്ഥികൾ എന്നിവയും പോലീസ് റെയ്ഡിൽ കണ്ടെടുത്തു. ഇയാൾ മനുഷ്യമാംസം ഭക്ഷിച്ചിരുന്നതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിൽ കണ്ടെടുത്ത ഹൃദയം മനുഷ്യന്റേതാണോ അതോ മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

യുവാവിന്റെ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ആശുപത്രിയിലെ മോർച്ചറികളിൽ പ്രവേശിക്കാനുള്ള ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്താണ് ഇയാൾ മൃതദേഹാവശിഷ്ടങ്ങൾ കടത്തിയിരുന്നത്. ഇതിനുപുറമേ, ഹംഗറിയിലെയും അയൽരാജ്യമായ സ്ലൊവാക്യയിലെയും ഉപേക്ഷിക്കപ്പെട്ട ശ്മശാനങ്ങളിലെ കല്ലറകൾ തോണ്ടിയും ഇയാൾ മൃതദേഹങ്ങൾ മോഷ്ടിച്ചിരുന്നതായി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

കണ്ടെടുത്ത ശരീരഭാഗങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയുന്നതിനായി നിലവിൽ ഡിഎൻഎ പരിശോധനകൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button