ഹണിമൂൺ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്..
മേഘാലയിലെ ഹണിമൂൺ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഭർത്താവ് രാജാ രഘുവൻഷിയെ കൊലപ്പെടുത്താൻ തീരുമാനിച്ചാണ് സോനം മേഘാലയിലേക്ക് വിനോദയാത്ര നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. 20 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ക്വട്ടേഷനിൽ അൻപതിനായിരം രൂപ സോനം ആദ്യം പ്രതികൾക്ക് നൽകിയെന്നും പൊലീസ് കണ്ടെത്തി. ഗാസിപ്പൂരിലെ കീഴടങ്ങലും സോനത്തിന്റെ നാടകമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഷില്ലോംഗിൽ എത്തിച്ച പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഹണിമൂൺ കൊലപാതക്കേസിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരോ ദിവസവും പുറത്ത് വരുന്നത്. ഭർത്താവ് രാജാ രഘുവൻഷിയെ ഇല്ലാതാക്കാൻ ഉറച്ച തീരുമാനം എടുത്താണ് സോന വിനോദയാത്രയ്ക്ക് പോയത്. മെയ് 20 ന് ഇരുവരും മേഘാലയിലേക്ക് പോകുന്നത് മൂന്ന് ദിവസം മുൻപ് പ്രതികളുമായി ചേർന്ന് സോനം ക്വട്ടേഷൻ ഉറപ്പിച്ചിരുന്നു. അൻപതിനായിരം രൂപ ആദ്യം നൽകി. ഈ പണവും കൊലയാളികൾ മെയ് 17ന് ട്രെയിൻ മാർഗം ദില്ലി വഴി ഗുവഹാത്തിയിലേക്കും പിന്നീട് മേഘാലിയിലേക്കുമെത്തി. സോനം നൽകിയ യാത്രവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ ഇരുവരെയും പിന്നീട് പിൻതുടർന്നത്. കൊലപാതകം നടന്ന സ്ഥലമെത്തുന്നതിന് തൊട്ടുമുമ്പ് സോനം അവശത അഭിനയിച്ച് നടത്തം പതിയെയാക്കി. സോനം നൽകിയ നിർദേശത്തിന് അനുസരിച്ച് കൊലയാളികൾ രാജ രഘുവംശിയുടെ പിന്നാലെ വന്ന് ആക്രമിച്ചു. എല്ലാം കണ്ട് നിന്ന സോനം പിന്നീട് മൃതദേഹം കൊക്കയിലേക്ക് ഏറിയാനും പ്രതികളെ സഹായിച്ചു എന്നാണ് പൊലീസ് ഭാഷ്യം.
കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം ഷില്ലോങ്ങില്‍ നിന്ന് സോനം ട്രെയിൻ മാർഗം ഇന്ധോറിലേക്ക് പോയി. ഇന്ദോറില്‍വെച്ച് സോനം കാമുകനായ രാജ് കുശ്വഹായെ കണ്ടു. ഇവിടെ ഹോട്ടൽ മുറിയിൽ താമസിച്ച സോനം തന്നെ തട്ടിക്കൊണ്ടുപോയി എന്ന വരുത്തിത്തീർക്കാനാണ് യുപി ഗാസിപൂരിലെത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഇതിനായുള്ള ടാക്സി രാജ് കുശ് വാഹയാണ് ഏർപ്പാടാക്കിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഷില്ലോംഗിൽ എത്തിച്ച പ്രതികളെ ഇന്ന് പ്രത്യേക സംഘം ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യപ്പെടും.