‘അവളുടെ ലാപ്ടോപ്പും ബാ​ഗും ഓഫീസിലുണ്ട്, പക്ഷേ അവളില്ല..അമ്മയോടും അച്ഛനോടും എന്തുപറയും’…

ആർ‌സി‌ബിയുടെ കടുത്ത ആരാധികയായിരുന്നു ദേവി. ചരിത്രത്തിൽ ആദ്യമായി ബെം​ഗളൂരു കപ്പുയർത്തിയപ്പോൾ മതിമറന്ന് സന്തോഷിച്ചു. ടീമിന്റെ വിജയ പരേഡിൽ പങ്കെടുക്കാൻ മേലുദ്യോ​ഗസ്ഥനിൽ നിന്ന് നിർബന്ധം പിടിച്ചാണ് ഉച്ചക്ക് ശേഷം അവധിയെടുത്തത്. ഉച്ചയ്ക്ക് 2.30 ഓടെ അവധിക്ക് അനുമതി ലഭിച്ചു. അവൾ വളരെ ആവേശത്തിലായിരുന്നു. പക്ഷേ ജീവനറ്റാണ് അവൾ തിരിച്ചുവന്നത്- ദേവിയുടെ സുഹൃത്ത് കരച്ചിലടക്കാതെ പറഞ്ഞു. അവളുടെ ലാപ്‌ടോപ്പ് ഇപ്പോഴും മേശപ്പുറത്തുണ്ട്. അവളുടെ ബാഗുകൾ അവിടെയുണ്ട്, പക്ഷേ അവൾ ഇല്ലെന്നും അവർ പറഞ്ഞു

തമിഴ്‌നാട്ടിൽ നിന്നുള്ള ദേവി ബെംഗളൂരുവിലാണ് പഠിച്ചത്. പിന്നീട് ഒരു ടെക് സ്ഥാപനത്തിൽ ജോലി തുടർന്നു. ബെംഗളൂരു ന​ഗരത്തെ സ്നേഹിച്ച ദേവിക്ക് ആർ‌സി‌ബിയെന്നാൽ ജീവനായിരുന്നു. നഗരത്തിലേക്ക് താമസം മാറിയതിനുശേഷം ഒരു മത്സരം പോലും അവൾ നഷ്ടപ്പെടുത്തിയിട്ടില്ല. വിരാട് കോഹ്‌ലിയുടെ വലിയ ആരാധികയായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. 

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആഘോഷങ്ങൾ കാണാൻ ആർ‌സി‌ബി ടിക്കറ്റ് വിതരണം ചെയ്യുന്നത് കേട്ടപ്പോൾ, അവൾ പോകാൻ തീരുമാനിച്ചു. പക്ഷേ, പരിശോധിച്ചപ്പോൾ ഓൺലൈനിൽ ടിക്കറ്റുകൾ ലഭ്യമല്ലായിരുന്നു. പ്രതീക്ഷയോടെ ടിക്കറ്റ് കിട്ടുമോ എന്ന് നോക്കാൻ സ്റ്റേഡിയത്തിലേക്ക് പോകാൻ തീരുമാനിച്ചു. ‘ഞാൻ മെട്രോയിൽ കയറുകയാണെന്നായിരുന്നു അവളിൽ നിന്നുള്ള അവസാന സന്ദേശം. ആശുപത്രിയിൽ നിന്ന് ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചപ്പോഴാണ് ദേവിക്ക് എന്തോ സംഭവിച്ചുവെന്ന് മനസ്സിലായത്. അച്ഛനമ്മമാരുടെ ഏകമകളാണ് ദേവി. അവരോടെന്ത് പറയുമെന്ന് അറിയില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു

Related Articles

Back to top button