ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു.. സംഘത്തിൽ ഒരു കുട്ടിയും..
ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഘത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
കേദാർനാഥ് ധാമിൽ നിന്ന് യാത്രക്കാരെ കയറ്റി ഗുപ്തകാശിയിലേക്ക് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ, കേദാർനാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടർന്ന് ദിശ തെറ്റി. മേഖലയിലെ കാലാവസ്ഥ വളരെ മോശമായിരുന്നെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ആര്യൻ എവിയേഷന്റെ ഉടമസ്ഥതയിൽ ഉള്ള ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.