ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു… എസ്.എം.എ മരുന്ന് വിവാദത്തിൽ നിർണായക വഴിതിരിവ്

സംസ്ഥാനത്ത് സ്പൈനൽ മസ്കുലർ അട്രോഫി (SMA) രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് വാങ്ങാൻ തീരുമാനമെടുത്തത് മുൻ സർക്കാരാണെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാദം പൊളിയുന്നു. പുതിയ മരുന്ന് വാങ്ങാനുള്ള തീരുമാനം എടുത്തത് ഈ സർക്കാരിന്റെ കാലത്താണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നു. ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഈ മാസമാണെന്നും രേഖകളിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ പരാതികൾ പരിശോധിക്കുന്നതിൽ സർക്കാരിന് മടിയില്ലെന്നും, വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് മരുന്നു നൽകുന്നതെന്നുമാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇതിന് മറുപടിയായി പ്രതികരിച്ചത്. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വാങ്ങാനാണ് ലക്ഷ്യമെങ്കിൽ അത് ഗുരുതരമായ അബദ്ധമാണെന്നും അപകടകരമാണെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികളിൽ പുതിയ മരുന്ന് പരീക്ഷണം നടത്താൻ പാടില്ലാത്തതാണെന്നും അവർ ചൂണ്ടിക്കാട്ടി. ഗുരുതര രോഗം ബാധിച്ച കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണോ എന്ന വലിയ ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. പുതിയ മരുന്ന് പ്രിസ്ക്രൈബ് ചെയ്തത് മാതാപിതാക്കളിൽ കടുത്ത ഭയമുണ്ടാക്കിയിട്ടുണ്ട്. ഇത് കുഞ്ഞു മക്കളുടെ ജീവന്റെ പ്രശ്നമായതിനാൽ ആരോഗ്യ മന്ത്രി അടിയന്തരമായി ഇടപെട്ട് പരിശോധിക്കണം. ആരോഗ്യവകുപ്പിൽ നിന്ന് വരുന്ന ഫയലുകൾ നന്നായി പരിശോധിക്കണമെന്നും, ക്ലിനിക്കൽ ടെസ്റ്റ് പൂർത്തിയാക്കിയ മരുന്നുകൾ മാത്രമേ നൽകാൻ കഴിയൂ എന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.



