ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ല… അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി…
ന്യൂഡൽഹിയിൽ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിന് അമ്മയെ മകൻ കൊലപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിലെ ഖയാല മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടമ്മയായ സുലോചന (45) ആണ് കൊല്ലപ്പെട്ടത്.
സാവൻ ആണ് കൊലപാതക വിവരം അറിയിക്കാൻ പൊലീസിനെ വിളിച്ചത്. കമ്മലുകൾക്ക് വേണ്ടി കവർച്ചക്കാർ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ, വിലപിടിപ്പുള്ള വേറൊരു വസ്തുവും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വീട്ടുകാരെയും അയൽക്കാരെയും ചോദ്യം ചെയ്തു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. അന്വേഷണത്തിനിടെ പൊലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാൻ കഴിയാതെ സാവൻ പതറാൻ തുടങ്ങി. വിശദമായി ചോദ്യം ചെയ്തപ്പോൾ അമ്മയെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചു. ജ്യേഷ്ഠൻ കപിലിൻ്റെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നതായി പോലീസ് പറഞ്ഞു. തനിക്കറിയാവുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് സാവൻ അമ്മയോട് പറഞ്ഞു. എന്നാൽ അമ്മക്ക് സമ്മതമില്ലായിരുന്നു.
ക്ഷുഭിതനായ സാവൻ അമ്മയുടെ കൊലപാതകം ആസൂത്രണം ചെയ്യാൻ തുടങ്ങി. ആദ്യം അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കവർച്ചക്കഥ മെനയുകയായിരുന്നു. എന്നാൽ പോലീസ് ഇയാളുടെ നുണകൾ പരിശോധിച്ച് സത്യം കണ്ടെത്തി. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
രണ്ട് മക്കളായ കപിൽ, സാവൻ എന്നിവർക്കൊപ്പം രഘുബീർ നഗറിലാണ് സുലോചന താമസിച്ചിരുന്നത്. അവരുടെ ഭർത്താവ് 2019ൽ മരിച്ചു. മൂത്തമകൻ കപിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ്. ചരക്ക് വാഹന ഡ്രൈവറാണ് സാവൻ.