’ഞാൻ മരിക്കുകയാണ്’; കൂട്ടുകാരന് വാട്ട്സാപ്പിൽ വീഡിയോ അയച്ച ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ടെക്കി ജീവനൊടുക്കി..
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 30 കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയർ ജീവനൊടുക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. സെക്ടർ 37 ലെ മില്ലേനിയം സിറ്റി സൊസൈറ്റിയിലെ താമസക്കാരനായ അജയ് കുമാർ ആണ് ഭാര്യ സ്വീറ്റി ശർമ്മ (28)യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. താൻ മരിക്കുകയാണെന്ന് സുഹൃത്തിന് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു അജയ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഫാനിൽ തൂങ്ങി ജീവനൊടുക്കിയത്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ അജയും പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള സ്വീറ്റിയും ടെക്കികളാണ്. ഇവർ വിവാഹിതരായിട്ട് മൂന്ന് വർഷം കഴിഞ്ഞു. അടുത്തിടെയായി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. സംഭവ ദിവസമായ ഞായറാഴ്ചയും അജയും സ്വീറ്റിയും തമ്മിൽ വഴക്കിട്ടു. ഇതിന് പിന്നാലെയാണ് താൻ ജീവനൊടുക്കുകയാണെന്ന് പറഞ്ഞ് അജയ് സുഹൃത്തിന് വാട്ട്സാപ്പിൽ വീഡിയോ അയച്ചത്. വീഡിയോയിൽ ഭാര്യയുമായി വഴക്കുണ്ടായതായി അജയ് പറയുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3:15 ഓടെയാണ് വീഡിയോ സുഹൃത്തിന് ലഭിച്ചത്. ഉടനെ തന്നെ സുഹൃത്ത് വിവരം പൊലീസിൽ അറിയിച്ചു. വിവരമറിഞ്ഞ് അജയ് താമസിക്കുന്ന സെക്ടർ 37 ലെ മില്ലേനിയം സിറ്റി സൊസൈറ്റിയിലെ 13-ാം നിലയിലെ ഫ്ലാറ്റിലേക്ക് പൊലീസ് എത്തി.
വാതിൽ തുറന്ന പൊലീസ് കുമാറിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലും, ഭാര്യ സ്വീറ്റി ശർമ്മയെ നിലയിൽ തറയിൽ കിടക്കുന്നതുമാണ് കണ്ടത്. ഷാൾ ഉപയോഗിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അജയ് ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ അറിയിച്ചു.