ഉറക്കത്തിൽ മകന്റെ ക്രൂരതയിൽ വെന്ത് മരിച്ച മാന്നാർ സ്വദേശികൾക്ക് യാത്രാമൊഴി…രണ്ടുപേർക്കും ഒരുക്കിയ ഒരൊറ്റ ചിതയ്ക്ക് തീകൊളുത്തി ചെറുമകൻ…

വീടിനുള്ളിൽ ഉറക്കത്തിൽ മകന്റെ ക്രൂരതയിൽ വെന്ത് മരിച്ച ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കോട്ടമുറി കൊറ്റോട്ട് കാവിൽ രാഘവൻ, ഭാര്യ ഭാരതി എന്നിവരുടെ മൃതദേഹങ്ങൾ അവരുടെ വീടിന് സമീപത്ത് തന്നെ ഒരുക്കിയ ഒരേ ചിതക്കുള്ളിൽ സംസ്കരിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്ന് രാവിലെ 10 മണിയോടെയാണ് ചെന്നിത്തലയിലെ വീട്ടിലെത്തിച്ചത്. കത്തിയമർന്ന വീടിന് സമീപത്ത് തന്നെയുള്ള ഭാരതിയുടെ സഹോദരി പരേതയായ ശാരദയുടെ മകൾ സുശീലയുടെ വീട്ട് മുറ്റത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾ ഒരുനോക്ക് കാണുന്നതിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും ബന്ധുക്കളും ജനപ്രതിനിധികളും നാട്ടുകാരുമടക്കം നിരവധിപേർ എത്തിയിരുന്നു.

വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും – സാമൂഹ്യ രംഗത്തെ പ്രമുഖരും അന്ത്യോപചാരം അർപ്പിച്ചു. കൊല്ലപ്പെട്ട രാഘവന്റെയും ഭാരതിയുടെയും ചെറുമക്കളായ സുചിത, വിഷ്ണു, അനന്ദു എന്നിവർ ചേർന്നാണ് അന്ത്യകർമ്മങ്ങൾ ചെയ്ത്. ചെറുമകൻ വിഷ്ണു ചിതക്ക് തീ കൊളുത്തി.

അതേസമയം, കേസിൽ പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. 90വയസ് കഴിഞ്ഞ രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് ഇന്നലെ കത്തിയമർന്ന വീടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ അറുപതുകാരനായ മകൻ വിജയനെയാണ് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കുക.

പ്രതിയുമായി മാന്നാർ പൊലീസ് ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. സ്വത്ത് തർക്കവും കുടുംബപ്രശ്നവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. വിവിധ പെട്രോൾ പമ്പുകളിൽ നിന്നായി വാങ്ങിയ 600 രൂപയുടെ പെട്രോൾ ഉപയോഗിച്ചാണ് ഇയാൾ വീടിന് തീയിട്ടത്. പ്രതി പെട്രോൾ കുപ്പിയിൽ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചു. കൊലപാതകം, വീടിന് തീവെയ്ക്കൽ ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Related Articles

Back to top button