അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്നു.. അലമാരയിലുണ്ടായിരുന്ന എട്ട് പവൻ സ്വർണം മോഷ്ടിച്ചു..
വിതുരയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം മോഷണം പോയതായി പരാതി. കല്ലാർ സ്വദേശി ദിവ്യയുടെ ആൾതാമസം ഇല്ലാത്ത വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് മോഷണം പോയത്. പാലായിലെ ഗവ: ഹോമിയോ ക്ലിനിക്കിലെ ജീവനക്കാരിയായ ദിവ്യയും കുടുംബവും അവിടെയാണ് താമസം. സമീപത്ത് താമസിക്കുന്ന ദിവ്യയുടെ അമ്മയാണ് ഇന്ന് രാവിലെ വീട്ടിൽ മോഷണം നടന്നതായി കണ്ടെത്തിയത്. വിതുര പോലീസ് അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ ഒരു മാസമായി ദിവ്യയും മകളും ജോലിയുടെ ആവശ്യാർത്ഥം കോട്ടയം പാലായിലാണ് താമസം. അതുകൊണ്ടു തന്നെ കല്ലാറിലുള്ള ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. അടുത്തുതന്നെ താമസിച്ചിരുന്ന ദിവ്യയുടെ അമ്മയാണ് വീട് നോക്കി പരിപാലിച്ചുകൊണ്ടിരുന്നത്. ഇന്ന് രാവിലെ അമ്മ വീട്ടിലെത്തിയപ്പോൾ അടുക്കള വാതിൽ കുത്തിത്തുറന്നിരിക്കുന്നതായി കണ്ടു. പിന്നീട് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. വീട്ടുകാർ ഉടന വിതുര പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വീടും പരിസരവും വ്യക്തമായി അറിയുന്നവരും വീട്ടുകാർ സ്ഥലത്തില്ലെന്ന് അറിയാവുന്നവരും ആയിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം