കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര… പ്രക്ഷോഭത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ…. നാളെ അടിയന്തര യോഗം

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പ്രഖ്യാപനം നിലവിൽ തന്നെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ പൂർണ്ണമായി തകർക്കുമെന്നും, പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായി നിർത്തലാക്കേണ്ടി വരുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ നേതാക്കൾ പാലക്കാട്ട് വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
സ്വകാര്യ ബസ് മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു ലക്ഷത്തോളം തൊഴിലാളികളെ സർക്കാരിന്റെ ഈ തീരുമാനം നേരിട്ട് ബാധിക്കും. മുൻപ് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും സ്വകാര്യ ബസ് മേഖലയ്ക്ക് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നതാണെന്നും എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച തീരുമാനം ആശ്വാസകരമല്ലെന്നും ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി നാളെ തൃശൂരിൽ വെച്ച് സ്വകാര്യ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാനതല യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. തങ്ങൾക്ക് ആശ്വാസകരമായ നിലപാട് സർക്കാർ ഉടൻ സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.
വരുന്ന ജൂൺ 15 മുതലാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകി തുടങ്ങുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ഈ യാത്രാസൗജന്യം ലഭ്യമായിരിക്കുമെന്നും, ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമാകും ഇത് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന ആവശ്യവുമായി ഉടമകൾ രംഗത്തെത്തിയിരിക്കുന്നത്.



