പത്ത് വർഷം..കത്തിച്ച് കുഴിച്ചു മൂടിയത് ബലാത്സംഗത്തിന് ഇരയായ 100 ലേറെ പേരെ.. വെളിപ്പെടുത്തലുമായി..
പത്തുവര്‍ഷത്തിനിടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ നിര്‍ബന്ധിതനായെന്ന വെളിപ്പെടുത്തലുമായി കര്‍ണാടക മുന്‍ ശുചീകരണ തൊഴിലാളി. കുറ്റബോധവും ഭയവും കൊണ്ട് ഉറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലായതാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന് അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തില്‍ വിശദമാക്കുന്നു. ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇയാള്‍ കത്ത് പുറത്ത് വിട്ടിട്ടുള്ളത്.
1998 മുതല്‍ 2014 വരെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചിടേണ്ടി വന്നുവെന്നും വെളിപ്പെടുത്തി. പത്തുവര്‍ഷത്തിന് ശേഷം പശ്ചാത്താപം കൊണ്ടാണ് താന്‍ മുന്നോട്ട് വന്നതെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ മൂന്നിന് ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് ദക്ഷിണ കന്നഡ എസ്പി അരുണ്‍.കെ പറഞ്ഞു. പരാതിയുമായി എത്തിയ ആള്‍ താന്‍ ആരാണെന്ന് വെളിപ്പെടുത്തരുതെന്ന് അഭ്യാര്‍ത്ഥിച്ചുവെന്നും കോടതിയുടെ അനുമതി തേടിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും എസ്പി പറഞ്ഞു. തനിക്കും കുടുംബത്തിനും പൊലീസ് പ്രൊട്ടക്ഷന്‍ നല്‍കണമെന്നും ഈ വ്യക്തി ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയ്ക്കൊപ്പം കുഴിച്ചിട്ട മൃതദേഹങ്ങളുടെ ഫോട്ടോയും പൊലീസിന് കൈമാറി. ഏകദേശം നൂറോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹം തനിക്ക് കുഴിച്ചിടേണ്ടി വന്നുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയാണ് പരാതിക്കാരന്‍. ധര്‍മസ്ഥല സൂപ്പര്‍വൈസറുടെ ഭീഷണിക്ക് വഴങ്ങിയാണ് മൃതദേഹങ്ങള്‍ മറവുചെയ്യേണ്ടി വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
”ഞാന്‍ കുഴിച്ചിട്ട മൃതദേഹങ്ങള്‍ കുഴിച്ചെടുക്കാന്‍ ഞാന്‍ പൊലീസിനോട് അഭ്യാര്‍ത്ഥിക്കുന്നു. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കുടുംബത്തോടൊപ്പം ഒളിവില്‍ പോയി അയല്‍ സംസ്ഥാനത്താണ് താമസിക്കുന്നത്. ഞങ്ങളും കൊലചെയ്യപ്പെടുമെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്.
ദളിത് കുടുംബത്തില്‍ ജനിച്ച ഞാന്‍ 1995 മുതല്‍ 2014 വരെ ധര്‍മസ്ഥാല ക്ഷേത്രത്തിലെ ശുചീകരണ തോഴിലാളിയായാണ് ജോലി ചെയ്തത്. നേത്രാവതി നദിയിലും പരിസരങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ചെയ്തിരുന്നത്. തുടക്കത്തില്‍ ഞാന്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടു. മുങ്ങിമരണങ്ങളോ ആത്മഹത്യയോ ഒക്കെയാവാമെന്ന് ഞാന്‍ കരുതി. കൂടുതല്‍ മൃതദേഹങ്ങളും സ്ത്രീകളുടേതായിരുന്നു. മൃതദേഹങ്ങളുടെ ശരീരത്തില്‍ വസ്ത്രം ഇല്ലായിരുന്നു. ചില മൃതദേഹങ്ങളില്‍ ലൈംഗികാധിക്രമത്തിന്റെയോ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെയോ മുറിവുകള്‍ കണ്ടെത്തിയിരുന്നു.
1998 ല്‍ മൃതദേഹങ്ങള്‍ രഹസ്യമായി മറവു ചെയ്യാന്‍ സൂപ്പര്‍വൈസര്‍ എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ അതിന് വിസമ്മതിച്ചപ്പോള്‍ പൊലീസില്‍ വിവരം അറിയിക്കുമെന്ന് അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി. അതിന്റെ പേരില്‍ ഞാന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കാണുന്ന പല സ്ഥലങ്ങളിലേക്കും സൂപ്പര്‍വൈസര്‍ എന്നെ കൊണ്ടുപോയി. കൂടുതല്‍ മൃതദേഹങ്ങളും പെണ്‍കുട്ടികളുടെതായിരുന്നു.
അതില്‍ ഒരു സംഭവം എന്നെ എന്നെന്നേക്കുമായി വേട്ടയാടി. 2010ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെ 12 നും 15 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയുടെ പാവാടയും അടിവസ്ത്രവും കാണുന്നില്ല. ക്രൂരമായി ബലാത്സംഗത്തിനിരയായതിന്റെ എല്ലാ ലക്ഷണങ്ങളും പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടു. ഒരു കുഴി കുഴിച്ച് സ്‌കൂള്‍ ബാഗിനൊപ്പം പെണ്‍കുട്ടിയെ മറവുചെയ്യാന്‍ എന്നോട് പറഞ്ഞു.
മറ്റൊരു കേസ്, 20 വയസുള്ള പെണ്‍ക്കുട്ടിയുടേതാണ്. അവളുടെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലുള്ളതായിരുന്നു. ശരീരം മുഴുവനായി ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലുള്ള മൃതദേഹം കത്തിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ധര്‍മ്മസ്ഥല പ്രദേശത്ത് ഭവനരഹിതരുടെയും യാചകരുടെയും കൊലപാതകങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിരുന്നു. ഇത്തരത്തില്‍ നിരവധി മൃതദേഹങ്ങള്‍ കത്തിക്കാനും സംസ്‌കരിക്കാനും ഞാന്‍ നിര്‍ബന്ധിതതാനി.
2014 ല്‍ എന്റെ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സൂപ്പര്‍വൈസര്‍ക്ക് അറിയാവുന്ന ആള്‍ ലൈംഗികമായി ഉപദ്രവിച്ചു. അതിന് ശേഷമാണ് എല്ലാം ഉപേക്ഷിച്ച് ധര്‍മസ്ഥലയില്‍ നിന്നും രക്ഷപ്പെടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്. തൊട്ടടുത്ത സംസ്ഥാനത്ത് സ്വന്തം വ്യക്തിത്വം മറച്ചുവെച്ചാണ് ഞങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നത്.
ആ കൊലപാതകത്തിന്റെ ഇരകളെയും കുറ്റവാളികളെയും വെളിപ്പെടുത്തുക എന്നതാണ് എന്റെ ലക്ഷ്യം. ഇതിനായി പൊലീസുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ധര്‍മസ്ഥാല ക്ഷേത്ര ഭരണ സമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ് കുറ്റവാളികള്‍. മൃതദേഹങ്ങള്‍ സംസ്‌കാരിക്കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ വളരെ സ്വാധീനമുള്ളവരാണ്. അവരെ എതിര്‍ക്കുന്നവരെ വെറുതെ വിടില്ല. സാക്ഷി സംരക്ഷണ നിയമം 2018 പ്രകാരം എനിക്കും എന്റെ കുടുംബത്തിനും പ്രൊട്ടക്ഷന്‍ ലഭിച്ചുകഴിഞ്ഞാല്‍ കുറ്റവാളികളുടെ പേരും അവരുടെ പങ്കും വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ മാന്യമായ അന്ത്യകര്‍മങ്ങള്‍ അര്‍ഹിക്കുന്നുണ്ട്,” കത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതികളുടെ പേരുകള്‍ വെളിപ്പെടുത്തുന്നതിന് മുമ്പ് താന്‍ കൊല ചെയ്യപ്പെട്ടാല്‍ സത്യം സംരക്ഷിക്കുന്നതിനായി സുപ്രീം കോടതി അഭിഭാഷകന്‍ കെ . വി ധനഞ്ജയ്ക്ക് പരാതിയുടെ പകര്‍പ്പ് സമര്‍പ്പിച്ചതായി പരാതിക്കാരന്‍ പറഞ്ഞു. ധര്‍മ്മസ്ഥല ഭരണകൂടം നല്‍കിയ ഐഡി കാര്‍ഡ്, ധര്‍മ്മസ്ഥല-ബെല്‍ത്തങ്ങാടിയില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍ ഐഡി എന്നിവയുടെ പകര്‍പ്പും പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്.