ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ വിക്കുകയും, ശ്വാസം കിട്ടാതെയാവുകയും ചെയ്തു.. പിന്നാലെ…
പാലക്കാട് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചാത്തമംഗലം വടക്കേക്കാട് ചെല്ലന്റെ ഭാര്യ സുഭദ്രയാണ് (67) മരിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ വിക്കുകയും, ശ്വാസം കിട്ടാതെയാവുകയും ചെയ്തതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശ്വാസനാളത്തിൽ ഭക്ഷണം പോയതാണ് മരണ കാരണം.
കഴിഞ്ഞ ഞായറാഴ്ച പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായിരുന്നു. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർത്ഥിപൻ – സംഗീത ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞ് അമ്മയുടെ മുലപ്പാൽ കുടിക്കുന്നതിനിടെ അനക്കമില്ലാതാകുകയായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് പോഷകാഹാര കുറവുണ്ടായിരുന്നുവെന്ന് സംഗീത പറഞ്ഞു. കൂടാതെ ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന രണ്ടായിരം രൂപയുടെ സഹായം ലഭിച്ചില്ലെന്നും ദമ്പതികൾ ആരോപിച്ചു. ദമ്പതികളുടെ ആദ്യ കുഞ്ഞും ഇതേ രീതിയിൽ മരിച്ചിരുന്നു.