വഴിത്തിരിവായത് അജ്ഞാത കോൾ.. മകളുടെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ അച്ഛന്റെ ശ്രമം.. കൊടുംക്രൂരത പുറത്ത്…
മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ വായിൽ കീടനാശിനി ഒഴിച്ചു. 18കാരിയായ കവിതയാണ് കൊല്ലപ്പെട്ടത്. കവിതയുടെ അച്ഛൻ ശങ്കർ പിടിയിൽ. ഇതര ജാതിയിൽപ്പെട്ട യുവാവുമായുള്ള കവിതയുടെ ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.കർണാടകയിലെ കൽബുർഗിയിലാണ് സംഭവം.
കവിത അതേ ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ അച്ഛൻ കവിതയെ ശാസിച്ചു. എന്നാൽ ബന്ധത്തിൽ നിന്ന് പിന്തിരിയാൻ കവിത തയ്യാറായില്ല. തുടർന്ന് വ്യാഴാഴ്ചയാണ് അച്ഛൻ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പെൺമക്കളുടെ അച്ഛനായ ശങ്കർ ഈ ബന്ധത്തിന് എതിരായിരുന്നു. മിശ്രവിവാഹം മറ്റ് മക്കളുടെ വിവാഹത്തെ ബാധിക്കുമെന്ന് അയാൾ ആശങ്കപ്പെട്ടു എന്നാണ് കലബുറഗി പൊലീസ് കമ്മീഷണർ ശരണപ്പ എസ് ഡി പറഞ്ഞത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. കവിതയുടെ വായിൽ കീടനാശിനി ഒഴിച്ചാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്.
കവിത ജീവനൊടുക്കിയെന്ന് ശങ്കർ പറഞ്ഞത് എല്ലാവരും വിശ്വസിച്ചു. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ കവിതയെ കൊലപ്പെടുത്തിയതാണെന്ന അജ്ഞാത കോൾ പൊലീസിന് ലഭിക്കുകയായിരുന്നു . സംഭവം അന്വേഷിച്ച പൊലീസ്, അച്ഛൻ മകളെ കൊന്നതാണെന്ന് കണ്ടെത്തി. ചോദ്യംചെയ്യലിൽ ശങ്കർ കുറ്റം സമ്മതിക്കുകയും ചെയ്തു . കവിതയുടെ കൊലപാതകത്തിൽ ശങ്കറിന്‍റെ ബന്ധുക്കളായ മറ്റ് രണ്ട് പേർക്ക് കൂടി പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.