തിരിച്ചറിയാനാകാത്ത മൃതദേഹം മകളുടേതെന്ന് കരുതി സംസ്കരിച്ചു..ട്വിസ്റ്റ്.. 2 വർഷത്തിന് ശേഷം മകൾ വീട്ടിലെത്തി..
മരിച്ചെന്ന് കരുതി സംസ്കരിച്ച യുവതി രണ്ട് വർഷത്തിന് ശേഷം സ്വന്തം വീട്ടിലെത്തി. 2023-ൽ കൊല്ലപ്പെട്ടെന്ന് കരുതിയ 35 കാരിയായ ലളിതാ ഭായിയാണ് കഴിഞ്ഞദിവസം മന്ദ്‌സൗർ ജില്ലയിലെ തന്റെ വീട്ടിലെത്തിയത്. ലളിതാഭായിയെ കൊലപ്പെടുത്തിയെന്ന കേസിൽ നാല് പേർ ഇപ്പോഴും ജയിലിലാണ്. മകൾ മടങ്ങിയെത്തിയെന്ന വിവരം ഉടൻ തന്നെ പിതാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച ഗാന്ധി സാഗർ പൊലീസ് യുവതിയെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹത പുറത്ത് വന്നത്.
2023ൽ താൻ നാട് വിട്ട് പോകുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. പിന്നാലെ ഷാരൂഖ് എന്ന യുവാവിനെ പരിചയപ്പെട്ടെന്നും അയാൾ തന്നെ ഭാൻപുരയിൽ കൊണ്ടുപോയി 5 ലക്ഷം രൂപയ്ക്ക് മറ്റൊരു യുവാവിന് വിറ്റെന്നും യുവതി പൊലീസിന് മൊഴി നൽകി. രണ്ടാമത്തെ യുവാവ് തന്നെ രാജസ്ഥാനിലെ കോട്ടയിലേക്ക് കൊണ്ടുപോയെന്നും അവിടെ താൻ 18 മാസം താമസിച്ചെന്നുമാണ് ലളിത പറയുന്നത്. പുറംലോകവുമായി ബന്ധപ്പെടാൻ തനിക്ക് മറ്റൊരു മാർഗവുമില്ലായിരുന്നു. വീട്ടുകാരെ വിളിക്കാൻ മൊബൈൽ ഫോൺ പോലും തനിക്ക് അനുവദിച്ചിരുന്നില്ല എന്നും യുവതി പറയുന്നു. ഒടുവിൽ ആരും അറിയാതെ താൻ രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു എന്നാണ് ലളിതാ ഭായ് പൊലീസിനോട് വെളിപ്പെടുത്തിയത്. തന്റെ ആധാർ കാർഡും വോട്ടർ ഐഡിയും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.