മകന് അപകടം പറ്റിയെന്ന് അച്ഛൻ, മരിച്ചെന്നും സംസ്കരിച്ചെന്നും ശേഷം വിളിച്ചറിയിച്ചു; തട്ടിപ്പ് പൊളിച്ച് പൊലീസ്…
സാധാരണ വാഹനാപകടമെന്ന് കരുതിയിരുന്ന സംഭവത്തിന് പിന്നീൽ പൊലീസ് കണ്ടെത്തിയത് വൻ തട്ടിപ്പിനുള്ള ശ്രമം. 27കാരന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സിനിമാ കഥയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത് ഡൽഹിയിലെ നജഫ്‍ഗഡ് പൊലീസ് സ്റ്റേഷനിലാണ്. മാർച്ച് അഞ്ചാം ഒരു വാഹനാപകടം സംബന്ധിച്ച് കൺട്രോൾ റൂമിൽ നിന്ന് ഈ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചിരുന്നു. സതീഷ് എന്നയാളാണ് പൊലീസിനെ വിളിച്ചത്. തന്റെ മകനായ ഗഗൻ (27) റോഡിലൂടെ നടക്കുമ്പോൾ ബൈക്ക് ഇടിച്ചിട്ടു എന്നായിരുന്നു പരാതി.എന്നാൽ ഇതൊരു വൻ തട്ടിപ്പിനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നെന്ന് പൊലീസിന് അപ്പോൾ മനസിലായില്ല. ബൈക്ക് ഇടിച്ച് പരിക്കേറ്റ ഗഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചെന്നും പറഞ്ഞ് ഗഗനും പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ പരാതി എഴുതി നൽകാനും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകാനും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതോടെ ഇയാൾ പിന്നീട് വരാമെന്ന് പറഞ്ഞ് മുങ്ങി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വന്നില്ല.

അപകടം നടന്നെന്ന് പറയപ്പെട്ട സ്ഥലത്ത് പോയി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം കൃത്രിമമായി തയ്യാറാക്കിയ അപകടമാണെന്ന് മനസിലായി. ഇടിച്ചെന്ന് പറയപ്പെടുന്ന ബൈക്ക് ഉടമ മനീഷിനെ കണ്ടെത്തി ചോദ്യം ചെയ്തു. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. വ്യാജ അപകടം ഉണ്ടാക്കാനുള്ള പദ്ധതി പർദീപ് എന്നൊരു അഭിഭാഷകന്റേതായിരുന്നു. ഗഗനും പിതാവിനും ഇപ്പോഴുള്ള ലോണുകൾ അടയ്ക്കേണ്ടി വരില്ലെന്നും ഒരു കോടി രൂപനഷ്ടപരിഹാരം വാങ്ങി നൽകാമെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. അപകടമുണ്ടാകുന്നതായി അഭിനയിക്കാൻ ബൈക്ക് യാത്രക്കാരന് 15 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു.
ഗഗൻ മരിച്ചിട്ടില്ലെന്നും പഞ്ചാബിൽ ഒളിവിൽ കഴിയുകയാണെന്നും കണ്ടെത്തി. ഉത്തർപ്രദേശിലെ ഹാപൂരിൽ മൃതദേഹം സംസ്കരിച്ചു എന്നാണ് പിതാവ് അറിയിച്ചതെങ്കിലും ബന്ധുക്കളാരും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പൊലീസ് മനസിലാക്കി. ശ്മശാനത്തിലെത്തി വിവരങ്ങൾ തിരക്കിയപ്പോൾ ഇത്തരമൊരു സംസ്കാര ചടങ്ങ് അവിടെ നടന്നതായി രേഖകളിലില്ല. പകരം ഗഗൻ അവിടേക്ക് നടന്ന് ചെല്ലുന്നതും ഒരു തുക സംഭാവന കൊടുത്ത ശേഷം രസീതുമായി മടങ്ങിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
പ്രതികളെ എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജ രേഖ ചമയ്ക്കലും വഞ്ചനയും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് അന്വേഷണം നടത്തുകയാണ് ഇപ്പോൾ.



