കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദിയും.. ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.. അമ്മയും രണ്ട് മക്കളും ചികിത്സയിൽ..

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചതിന് പിന്നാലെ അച്ഛനും 2 പെൺമക്കളും മരിച്ചു. വടക്കൻ കർണാടകയിലെ റായ്ച്ചൂരിൽ ആയിരുന്നു സംഭവം. അമ്മയെയും രണ്ട് മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സിരവാർ തിമ്മപ്പുർ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണ് മരിച്ചത്. രമേശിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നിലയും ഗുരുതരമാണ്.

വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പരുത്തിയും രമേശ് തന്റെ രണ്ടേക്കർ വരുന്ന ഭൂമിയിൽ കൃഷി ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളിൽ കീടനാശിനി തളിച്ചിരുന്നു. ഇതേതുടർന്ന് തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങൾ എല്ലാവരും തങ്ങളുടെ തോട്ടത്തിൽ കൃഷി ചെയ്ത അമരക്കയും കൂട്ട റൊട്ടിയും ചോറും കഴിച്ചു. ഇതിന് പിന്നാലെ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ കുടുംബാംഗങ്ങൾക്ക് വയറുവേദനയും ഛർദിയും ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് രമേശിന്റേയും പെൺമക്കളുടെയും മരണം സ്ഥിരീകരിച്ചത്. ഭാര്യയും മറ്റ് രണ്ട് മക്കളും ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

Related Articles

Back to top button