ശ്രീനന്ദയ്ക്ക് വിട… മൃതദേഹം നാട്ടിലെത്തിച്ചു… സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഐവർമഠത്തിൽ

പാലക്കാട്: ചിക്കമഗളൂരുവിലെ വിനോദയാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (20) മൃതദേഹം നാട്ടിലെത്തിച്ചു. കടമ്പഴിപ്പുറത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ വിലാപയാത്രയായി തിരുവില്വാമല ഐവർമഠം ശ്മശാനത്തിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 1.30-നാണ് സംസ്‌കാരം.
കടമ്പഴിപ്പുറത്ത് നിന്നുള്ള 40 അംഗ സംഘത്തിനൊപ്പം മാണിക്യധാര വെള്ളച്ചാട്ടം സന്ദർശിക്കവെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. നൂറംഗ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് നടത്തിയ നാല് ദിവസത്തെ തെരച്ചിലിനൊടുവിലാണ് 1500 അടി താഴ്ചയിലുള്ള താഴ്വരയിൽ മരത്തിന് മുകളിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തലയുടെ വലതുഭാഗത്ത് ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ ശരീരമാസകലം പരിക്കേൽക്കുകയും അസ്ഥികൾ പൊട്ടുകയും ചെയ്തിട്ടുണ്ട്.
മരണത്തിൽ കുടുംബം ആദ്യം ദുരൂഹത ആരോപിച്ചിരുന്നെങ്കിലും, വീഴ്ചയെത്തുടർന്നുണ്ടായ ആഘാതമാണ് മരണകാരണമെന്നും അസ്വാഭാവികതയില്ലെന്നുമാണ് പ്രാഥമിക നിഗമനം. നാടിനെയാകെ കണ്ണീരിലാഴ്ത്തിയാണ് ശ്രീനന്ദയുടെ അന്ത്യയാത്ര.



