നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം… തത്കാലം നൽകാനാവില്ലെന്ന് നഗരസഭ… കാരണം…

സമാധി വിവാദങ്ങളിൽ അന്വേഷണം പുരോഗമിക്കവെ നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം. ഗോപൻ മരിച്ചതല്ല സമാധിയായതാണ് എന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. എന്നാൽ മരണത്തിലെ ദുരൂഹതയിൽ പൊലീസ് അന്വേഷണം തുടരുന്നതിനാൽ തത്കാലം മരണ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകര നഗരസഭ അറിയിച്ചു.

ഗോപൻ സമാധിയായെന്ന കുടുംബത്തിന്റെ അവകാശവാദം വലിയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. മരണത്തിലെ ദുരൂഹത ഉന്നയിച്ചുള്ള നാട്ടുകാരുടെ പരാതിയിൽ പൊലിസ് അന്വേഷണം നടക്കുന്നതിനിടെയാണ് കുടുംബം മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. ഇളയ മകൻ രാജസേനൻ മരണ സർട്ടിഫിറ്റ് വേണമെന്ന അപേക്ഷയുമായി കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര നഗരസഭയിലെത്തി.

കുടുംബം നൽകിയ കേസ് പരിഗണിക്കവെ ഹൈക്കോടതിയും മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ചോദിച്ചിരുന്നു. പക്ഷെ ഗോപൻ മരിച്ചതല്ലെന്ന നിലപാടിലായിരുന്നു അന്ന് കുടുംബം. ഇതിനിടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുുമോർട്ടം നടത്തി. മരണ കാരണം ഇനിയും വ്യക്തമായിട്ടുമില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. പോസ്റ്റ്മോർട്ടം പരിശോധനകൾക്ക് ശേഷം ഗോപനെ വീണ്ടും സംസ്കരിക്കുകയും ചെയ്തു. 

എന്നാൽ മരണത്തിലെ ദുരൂഹതയെ കുറിച്ചുള്ള അന്വേഷണം അവസാനിക്കാത്തിതിനാൽ മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നഗരസഭ അധികൃതർ സ്വീകരിച്ചില്ല. പൊലിസ് റിപ്പോർട്ട് വന്നതിന് ശേഷം മരണ സർഫിക്കറ്റ് സംബന്ധിച്ച തീരുമാനമെടുക്കാമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഗോപന് ഹൃദ്രോഗവും പ്രമേഹ രോഗവും ഉണ്ടായിരുന്നുവെന്ന പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ അറിയിച്ചിരുന്നു.

Related Articles

Back to top button