ദയവായി എന്റെ ഫോൺ കൊണ്ടുവരൂ… എനിക്ക് അവളുടെ ഫോട്ടോകൾ കാണണം… എനിക്ക് ഭ്രാന്ത് പിടിക്കുന്നു..
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിലെ എയർഹോസ്റ്റസിൻ്റെ വീട്ടിൽ നിന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്ത്. എയർഹോസ്റ്റസ് നഗന്തോയ് ശർമ്മ കോങ്ബ്രൈലറ്റ്പമിന്റെ കുടുംബാംഗങ്ങൾ അപകട വിവരം അറിഞ്ഞ് ദുഃഖം പങ്കുവെയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നഗൻതോയ് ശർമ്മയുടെ കുടുംബാംഗങ്ങൾ ചുവന്ന ടൈലുകൾ പാകിയ തറയിൽ ഒത്തുകൂടുന്നതും അപകടത്തെക്കുറിച്ച് അറിഞ്ഞ് പരസ്പരം വിലപിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കുടുംബാംഗങ്ങൾ തറയിൽ മുട്ടുകുത്തി ഇരുന്ന് കൊണ്ട് പരിഭ്രാന്തിയോടെ കുടുംബ ഫോട്ടോ അൽബം മറിച്ചു നോക്കുന്നതിനിയിൽ കുടംബംഗങ്ങളിൽ ചിലർ നഗൻതോയ് ശർമ്മയെ ഓർമ്മിച്ച് വിലപിക്കുന്നതും വ്യക്തമായി കേൾക്കാം.
“എന്റെ കുഞ്ഞേ, എന്റെ കുഞ്ഞേ, ഞാൻ ഈ കൈകൾ കൊണ്ട് ഉയർത്തി, നീ എവിടെ പോയി? എനിക്ക് നിന്നെ കാണണം. നീ എവിടെയാണ്, എന്ന ഒരു സ്ത്രീയുടെ വിലാപം ദൃശ്യത്തിലുണ്ട്. ദയവായി എന്റെ ഫോൺ കൊണ്ടുവരൂ, എനിക്ക് അവളുടെ ഫോട്ടോകൾ കാണണം. എനിക്ക് ഭ്രാന്ത് പിടിക്കുന്നു എന്ന മറ്റൊരു സ്ത്രീയുടെ വിലാപവും ദൃശ്യത്തിലുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു.