ജീപ്പ് ഇടിച്ച് പെൺകുട്ടി മരിച്ച സംഭവം… അപകടത്തിന് കാരണം.. ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ…
ജീപ്പ് ഇടിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ അപകടത്തിന് കാരണം ജീപ്പിൻറെ അമിതവേഗമാണെന്ന് നാട്ടുകാർ. വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും മരണത്തിന് കാരണമായി. പൈപ്പ് ഉള്ളതിനാൽ പെൺകുട്ടിക്ക് ഓടി മാറാൻ കഴിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു.
പാൽ വാങ്ങാനായി വീടിന് സമീപത്തെ റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനിയാണ് ജീപ്പിടിച്ച് മരിച്ചത്. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാന (19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാർഥിനിയാണ് മരിച്ച ദിൽഷാന. അമിത വേഗത്തിലായിരുന്നു ക്രൂയീസർ ജീപ്പെത്തിയതെന്ന് നാട്ടുകാർപറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികിൽ ഇറക്കിയിട്ട വലിയ പൈപ്പിൽ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. ആവശ്യത്തിന് വീതിയില്ലാത്ത റോഡിരികിൽ ഇത്തരത്തിൽ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുമാണ് ദാരുണ സംഭവത്തിന് ഉത്തരവാദികളെന്നും നാട്ടുകാർ ആരോപിച്ചു.