മരണാനന്തര ചടങ്ങുകൾക്കായി ഒരുങ്ങിയ വീട്ടിൽ നടന്നത് അത്ഭുതകരമായ സംഭവവികാസങ്ങൾ

നാഗ്പൂരിലെ രാംടെക്കിൽ മരണാനന്തര ചടങ്ങുകൾക്കായി ഒരുങ്ങിയ വീട്ടിൽ നടന്നത് അത്ഭുതകരമായ സംഭവവികാസങ്ങൾ. മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കാരത്തിന് തയ്യാറെടുക്കുന്നതിനിടെ 103 വയസ്സുകാരിയായ ഗംഗാബായ് സഖാരെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ചിതയിലേക്ക് വയ്ക്കുന്നതിന് തൊട്ടുമുൻപ് ജീവൻ തിരിച്ചുകിട്ടിയെന്ന് മാത്രമല്ല, അതേ ദിവസം തന്നെ തന്‍റെ 103-ാം ജന്മദിനം കേക്ക് മുറിച്ചു ആഘോഷിക്കാനും ഈ മുത്തശ്ശിക്ക് സാധിച്ചു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഗംഗാബായ് മരിച്ചതായി വീട്ടുകാർ കരുതിയത്. തുടർന്ന് ബന്ധുക്കളെയെല്ലാം വിവരമറിയിക്കുകയും സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ മൃതദേഹം പുതിയ സാരി ഉടുപ്പിച്ച് ചിതയിലേക്കെടുക്കാൻ തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. ബന്ധുക്കളെല്ലാം അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ ആ നിമിഷമാണ് മുത്തശ്ശിയുടെ കാൽവിരലുകൾ അനങ്ങുന്നത് പേരക്കുട്ടി രാകേഷ് സഖാരെയുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ മൂക്കിലെ പഞ്ഞി മാറ്റിയപ്പോൾ മുത്തശ്ശി ആഴത്തിൽ ശ്വാസം എടുത്തു. മരിച്ചെന്ന് കരുതിയ പ്രിയപ്പെട്ട മുത്തശ്ശി കണ്ണ് തുറന്നതോടെ കരച്ചിലുയർന്ന വീട്ടിൽ സന്തോഷം അണപൊട്ടി. മരണാനന്തര ചടങ്ങുകൾക്കായി കെട്ടിയ പന്തൽ നിമിഷങ്ങൾക്കുള്ളിൽ ആഘോഷപ്പന്തലായി മാറി. മുത്തശ്ശിയുടെ ജന്മദിനം കൂടിയാണെന്ന് തിരിച്ചറിഞ്ഞതോടെ കേക്ക് കൊണ്ടുവരികയും,  എല്ലാവർക്കും മധുരം നൽകി ആഘോഷിക്കുകയും ചെയ്തു. ഈ അത്ഭുത വാർത്ത പരന്നതോടെ ഗംഗാബായെ കാണാൻ അയൽഗ്രാമങ്ങളിൽ നിന്ന് പോലും ജനങ്ങൾ ഒഴുകിയെത്തുകയാണ്.

Related Articles

Back to top button