വൈദ്യുതി നിലച്ചു.. ഡയാലിസിസ് മെഷ്യന്‍റെ പ്രവർത്തനം നിന്നു.. പിന്നാലെ വൃക്ക രോഗി മരിച്ചു..സംഭവം..

ത്തർപ്രദേശിലെ ബിജ്‌നോർ ജില്ലാ ആശുപത്രിയില്‍, വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്യുകയായിരുന്ന വൃക്ക രോഗിയായ 26 -കാരൻ സർഫറാസ് മരിച്ചെന്ന് റിപ്പോര്‍ട്ട്. ഡയാലിസിസ് നടക്കുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കുകയും യുവാവ് രക്തം വാര്‍ന്ന് മരിക്കുകയുമായിരുന്നെന്ന് സര്‍ഫറാസിന്‍റെ അമ്മ ആരോപിച്ചു. പെട്ടെന്നുണ്ടാകുന്ന വൈദ്യുതി തടസം നേരിടാന്‍ എല്ലാ ആശുപത്രികളിലും ജനറേറ്ററുകൾ സ്ഥാപിച്ചിരുന്നു. എന്നാല്‍, ബിജ്‌നോർ ആശുപത്രിയിലെ ജനറേറ്ററില്‍ ഇന്ധനമില്ലായിരുന്നുവെന്ന് പിന്നീട് നടന്ന പരിശോധനയില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രി ജനറേറ്ററിന് ആവശ്യമായ ഡീസൽ വിതരണം ചെയ്യേണ്ടിയിരുന്ന കരാർ കമ്പനി ഡീസല്‍ വിതരണം ചെയ്യാതിരുന്നതിനാലാണ് ജനറേറ്റർ പ്രവര്‍ത്തിക്കാതിരുന്നതെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെ സിഡിഒ പൂര്‍ണ ബോറ, ആശുപത്രിയിലെത്തി പരിശോധന നടത്തി. ഈ സമയം ആശുപത്രിയില്‍ ലൈറ്റോ, ഫാനോ ഇല്ലാതെ അഞ്ച് രോഗികളെ കൂടി അവിടെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്നതായി കണ്ടെത്തി.

‘വൈദ്യുതി നിലച്ചപ്പോൾ മെഷീൻ പകുതി വഴിയിൽ നിന്നു, അവന്‍റെ പകുതിയോളം രക്തം അതിനുള്ളിൽ കുടുങ്ങി. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഞാൻ ജീവനക്കാരോട് അപേക്ഷിച്ചു, പക്ഷേ, ആരും സഹായിച്ചില്ല. പിന്നാലെ എന്‍റെ മകൻ മരിച്ചു.’ സര്‍ഫറാസിന്‍റെ അമ്മ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു, അതേസമയം മെഷ്യനുള്ളില്‍ വലിയ അളവില്‍ രക്തം കുടുങ്ങിക്കിടന്നിട്ടില്ലെന്ന് മെഷ്യന്‍ പരിശോധിച്ച മെഡിക്കല്‍ വിദഗ്ദര്‍ പറഞ്ഞു. 2020 മുതൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്‍റെ ഭാഗമായി സ്വകാര്യ സ്ഥാപനമായ സഞ്ജീവനിയാണ് ആശുപത്രയിലേക്ക് ഡീസൽ വിതരണം ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളായി ഇവര്‍ ഡീസല്‍ വിതരണം ചെയ്യുന്നില്ലെന്ന് ആശുപത്രി ജീവനക്കാർ ആരോപിക്കുന്നു. ഏജന്‍സിയെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് ഡിഎം ജസ്ജിത് കൗർ പറഞ്ഞു.

Related Articles

Back to top button