ദുലീപ് ട്രോഫി ഫൈനൽ….ഇഷാന് കിഷന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്കോര്‍….

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്കോര്‍. ക്യാപ്റ്റന്‍ ഇഷാന് കിഷന്റെ ഇരട്ട സെഞ്ചുറിയുടെയും (270) കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയുടെയും (101) മികവില്‍ ഈസ്റ്റ് സോണ്‍ ഒന്നാം ഇന്നിംഗ്സില്‍ 708 റണ്‍സ് നേടി എല്ലാവരും പുറത്തായി. മത്സരത്തിന്റെ രണ്ടാം ദിനം പൂര്‍ണ്ണമായും ആധിപത്യം സ്ഥാപിച്ച ഈസ്റ്റ് സോണ്‍ സൗത്ത് സോണിനെ പ്രതിരോധത്തിലാക്കി. 163 ഓവറുകള്‍ ബാറ്റ് ചെയ്ത ശേഷമാണ് ഈസ്റ്റ് സോണിന്റെ ഇന്നിംഗ്സ് അവസാനിച്ചത്.
334 പന്തുകളില്‍ നിന്ന് 270 റണ്‍സെടുത്ത ഇഷാന് കിഷനാണ് ഈസ്റ്റ് സോണിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്റെ ഇന്നിംഗ്സില്‍ 30 ഫോറുകളും 7 സിക്സറുകളും ഉള്‍പ്പെടുന്നു. കടുത്ത ചൂടിനെ തുടര്‍ന്ന് അവശത അനുഭവിച്ച താരം 250 റണ്‍സ് പിന്നിട്ടപ്പോള്‍ താല്‍ക്കാലികമായി ക്രീസ് വിട്ടുപോയെങ്കിലും പിന്നീട് തിരിച്ചെത്തി ബാറ്റിംഗ് തുടരുകയായിരുന്നു. ഒടുവില്‍ ത്രിപുരാന വിജയുടെ പന്തില്‍ സ്മരണ്‍ രവിചന്ദ്രന്‍ ക്യാച്ച് നല്‍കിയാണ് കിഷന് പുറത്തായത്. അഞ്ചാം വിക്കറ്റില്‍ കുമാര്‍ കുഷാഗ്രയുമായി ചേര്‍ന്ന് 230 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് കിഷന് പടുത്തുയര്‍ത്തിയത്.



