ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു.. ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം…
ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം.സംഭവത്തിൽ പരുക്കേറ്റ ഒമ്പതു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുരം നാലാം വളവിൽ വെച്ചാണ് ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ ആക്രമമുണ്ടായത്. നാലു ദിവസം മുമ്പ് രാത്രി രണ്ടു മണിയോടടുപ്പിച്ച് ചുരം നാലാം വളവിലെ കടക്കകത്തു നിന്നും ഏതാനും യുവാക്കൾ ലഹരി വസ്തു ഉപയോഗിക്കുന്നത് ലഹരി വിരുദ്ധ സമിതി പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അവിടെ വെച്ചു തന്നെ ഇവർക്ക് താക്കീതു നൽകി വിട്ടയച്ചിരുന്നു.
എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഇത് ആവര്‍ത്തിച്ചപ്പോള്‍ ലഹരി വിരുദ്ധ സമിതി പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തു.ചോദ്യം ചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ ലഹരി ഉപയോഗിച്ചവരും ഇവർ വിളിച്ചു വരുത്തിയ ആളുകളും ചേർന്ന് മര്‍ദിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ് അടിവാരത്ത് നിന്നും കൂടുതൽ പ്രവർത്തകർ ചുരത്തിൽ എത്തുകയും അക്രമിസംഘവുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് പരസ്പരം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ലഹരി വിരുദ്ധ സമിതിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തു.