ഉയരങ്ങളില്‍നിന്ന് വീഴുന്നതായി സ്വപ്‌നം കാണാറുണ്ടോ?.. എങ്കില്‍ അതിന് കാരണം ഇതാണ്…

പകുതി ഉറക്കത്തിലായിരിക്കുമ്പോള്‍ പാറക്കെട്ടിന് മുകളില്‍നിന്ന് താഴേക്ക് വീഴുന്നതായോ, ആകാശത്തില്‍നിന്ന് വീഴുന്നതായോ, കുഴിയിലേക്ക് വീഴുന്നത് പോലെയോ ഒക്കെ തോന്നിയിട്ടുണ്ടോ?. ആ സമയത്ത് ശരീരം വിറയ്ക്കുക, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക എന്നീ ലക്ഷണങ്ങളും അതിനോടൊപ്പം ഉണ്ടാകും. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ക്ക് അതിന്റെ പിന്നിലെ കാരണം എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടോ?.

സ്വപ്‌നങ്ങള്‍ നമ്മുടെ വികാരങ്ങളെക്കുറിച്ചാണ് വെളിപ്പെടുത്തുന്നത്. ജീവിതം അല്‍പ്പം അസ്ഥിരമാണെന്ന് തോന്നുമ്പോഴാണ് സാധാരണയായി വീഴുന്നത് പോലുള്ള സ്വപ്‌നങ്ങള്‍ കാണുന്നത്. സ്വപ്‌നവിശകലന വിദഗ്ധര്‍ പറയുന്നത് വീഴ്ച പലപ്പോഴും നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ജീവിതം നിങ്ങളുടെ നിയന്ത്രണത്തിലല്ല, അനിശ്ചിതത്വത്തിലാണ് എന്ന് തോന്നുമ്പോഴാണ് ഇത്തരത്തില്‍ തോന്നലുണ്ടാകുന്നത്. ജോലി ലഭിക്കാത്തതോ, സൗഹൃദങ്ങളിലെ പ്രശ്‌നങ്ങളോ, തീരുമാനം എടുക്കാന്‍ കഴിയാതെ വരുന്നതോ പോലും നിങ്ങളുടെ തലച്ചോറ് വീഴ്ചയുടെ രൂപത്തില്‍ പ്രതിഫലിപ്പിക്കുന്നു. അപ്പോള്‍ നിങ്ങള്‍ വീഴുകയാണെന്ന് തോന്നുകയും ഞെട്ടി എഴുന്നേല്‍ക്കുകയും ചെയ്യും.

സമ്മര്‍ദ്ദവും, കഫീന്റെ അധിക ഉപയോഗവും ഉറക്കക്കുറവും ഒക്കെക്കൊണ്ട് പലപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. ആവര്‍ത്തിച്ച് മിക്കപ്പോഴും ഇങ്ങനെയുള്ള സ്വപ്‌നം കാണുകയാണെങ്കില്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്ന എന്തെങ്കിലും കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ പുറത്ത് കടക്കണമെന്നാണ് സിഗ്നല്‍ ലഭിക്കുന്നത്. ആശങ്കകളെ മറികടന്ന് നിങ്ങള്‍ക്ക് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ഈ സാഹചര്യത്തില്‍ ആലോചിക്കാം.

Related Articles

Back to top button