ഭർത്താവിനും മകനുമുണ്ടായത് ഭക്ഷ്യവിഷബാധ.. കൊല്ലത്തെ ദീപ്തിയുടെ മരണത്തിന് കാരണം ചൂരക്കറിയല്ല…

കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്ന് പ്രാഥമിക നി​ഗമനം. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ശേഷം ചൂടാക്കിയ ചൂരക്കറി കഴിച്ചാണ് കൊല്ലം കാവനാട് മീനത്തുചേരി ദിനേശ് ഭവനില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ(45) മരിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ദീപ്തി മരിച്ചത്. ബ്രെയിന്‍ ഹെമറേജിനെ തുടർന്നെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

ദീപ്തിപ്രഭയുടെ ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ചാലേ മരണകാരണം പൂര്‍ണമായും വ്യക്തമാകൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദീപ്തിപ്രഭയുടെ ഭര്‍ത്താവ് ശ്യാംകുമാറിനും മകന്‍ അര്‍ജ്ജുന്‍ ശ്യാമിനും ഛര്‍ദ്ദിയുണ്ടായത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ്. എന്നാല്‍ ഭക്ഷ്യവിഷബാധയാണോ ബ്രെയിന്‍ ഹെമറേജിലേക്ക് നയിച്ചതെന്ന് പരിശോധനാഫലങ്ങള്‍ ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് 4.30നാണ് ദീപ്തിപ്രഭ കുഴഞ്ഞുവീണത്. കഴിഞ്ഞ ശനിയാഴ്ച വാങ്ങിയ ചൂര മത്സ്യം പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ച ശേഷം കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഴിച്ചിരുന്നു. ബുധനാഴ്ച ഓഫീസില്‍ പോയ ദീപ്തിപ്രഭയും വീട്ടിലായിരുന്ന ഭര്‍ത്താവും മകനും ചൂരക്കറി കഴിച്ചു. അതിന് പിന്നാലെ ഭര്‍ത്താവിനും മകനും ഛര്‍ദ്ദിയുണ്ടായി. ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ ദീപ്തിപ്രഭ ഭര്‍ത്താവിനെയും മകനെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരുങ്ങവേ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതോടെ ചൂരക്കറിയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയാണെന്ന സംശയം ഉയര്‍ന്നിരുന്നു.

ഭര്‍ത്താവിനും മകനും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഞായറാഴ്ച തന്നെ വീട്ടിലേക്ക് മടങ്ങി. ഭക്ഷ്യസുരക്ഷാ ഉദ്യാഗസ്ഥര്‍ ചൂരക്കറിയുടെയും ഛര്‍ദ്ദിയുടെയും സാമ്പിളുകള്‍ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദീപ്തിപ്രഭയുടെ മൃതദേഹം ഇന്നലെ വൈകിട്ട് മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Related Articles

Back to top button