മക്കൾ താമസിക്കുന്നത് അടുത്ത ഫ്ലാറ്റുകളിൽ.. 2 ദിവസമായി വാതിൽ തുറക്കാതെ വയോധിക ദമ്പതികൾ.. പരിശോധനയിൽ കണ്ടെത്തിയത്..
മക്കൾ താമസിക്കുന്നത് തൊട്ടടുത്ത ഫ്ലാറ്റുകളിൽ. രണ്ട് ദിവസമായി വാതിൽ തുറക്കാതെ വയോധിക ദമ്പതികൾ. സംശയം തോന്നിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അഴുകിയ നിലയിലെ മൃതദേഹങ്ങൾ. രാജി വച്ച കെയർ ടേക്കറിന് പകരം എത്തിയ യുവാവിനെ കാണാനില്ല. വടക്ക് പടിഞ്ഞാറൻ ദില്ലിയിലെ കോഹത് എൻക്ലേവിലാണ് ചൊവ്വാഴ്ച വയോധിക ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
72കാരനായ മൊഹീന്ദർ സിംഗ് തൽവാർ 70കാരിയായ ദൽജീത് കൌർ എന്നിവരാണ് കൊല്ലപ്പെട്ടത്. പാർക്കിൻസൺസ് രോഗ ബാധിതനായി കിടപ്പുരോഗിയായ 72കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലും ഭാര്യയെ തലയിൽ അടിയേറ്റ നിലയിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഴുകാൻ തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങളുണ്ടായിരുന്നത്. കിടപ്പുരോഗിയായ 72കാരന്റെ പരിചരണത്തിനായി ഏർപ്പെടുത്തിയ കെയർ ടേക്കർ ഒരു മാസം മുൻപ് രാജി വച്ചിരുന്നു. ഇയാളുടെ നിർദ്ദേശം അനുസരിച്ച് പുതിയതായി എത്തിയ കെയർ ടേക്കറെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. ഇയാൾ ജോലിക്കെത്തി രണ്ടാമത്തെ ദിവസമാണ് കൊലപാതകം നടന്നിട്ടുള്ളത്. ഇയാളെ കേസിൽ സംശയിക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. രാവിലെ പകൽ സമയത്ത് ജോലിക്കെത്തുന്ന സ്ത്രീ വീടിന്റെ വാതിൽ തട്ടി വിളിച്ച ശേഷം വാതിൽ തുറക്കാതെ വന്നതോടെയാണ് ഇവർ അയൽ ഫ്ലാറ്റിലുള്ള മക്കളെ വിവരം അറിയിച്ചത്.
പശ്ചിം വിഹാറിലും കമല നഗറിലും റെഡിമെയ്ഡ് തുണിക്കട നടത്തിയിരുന്ന 72കാരൻ രോഗബാധിതനായതിന് പിന്നാലെ കട മക്കൾക്ക് കൈമാറിയിരുന്നു. രണ്ട് ആൺമക്കളെ കൂടാതെ ഒരു മകളും ദമ്പതികൾക്കുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപാണ് രോഗം മൂർച്ഛിച്ച 72കാരൻ കിടപ്പുരോഗിയായതെന്നാണ് മക്കൾ വിശദമാക്കുന്നത്. ഒന്നര മാസം മുൻപ് വയോധിക ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന കെയർ ടേക്കർ രാജി വച്ചിരുന്നു. ഇയാളോട് തിരികെ വരാമോ എന്ന് ആവശ്യപ്പെട്ടപ്പോൾ ഇയാൾ നിർദ്ദേശിച്ച മറ്റൊരാൾ ജോലിക്ക് ചേർന്നത് രണ്ട് ദിവസം മുൻപാണെന്നാണ് ബന്ധുക്കൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.