മൂന്ന് മാസത്തിനിടെ കൊല്ലപ്പട്ടത് ഏഴ് പേര്‍, നാട്ടാനക്കലിയില്‍ മരണം കൂടുന്നു…
കേരളത്തിലെ ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാകാത്ത ചടങ്ങാണ് ആന എഴുന്നള്ളിപ്പ്. ആചാരങ്ങളും പതിവുകളും നിരത്തി ആന എഴുന്നെള്ളിപ്പിനുള്ള അനുകൂല വാദങ്ങള്‍ ഉയരുമ്പോഴും സംസ്ഥാനത്ത് വിവിധ ആഘോഷങ്ങള്‍ക്കിടെ ഉണ്ടാകുന്ന ആന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2024 ല്‍ ഒമ്പത് പേരാണ് സംസ്ഥാനത്ത് വിവിധ ചടങ്ങുകള്‍ക്കിടെ ഉണ്ടായ ആനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, 2025 ലെ മൂന്ന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പൊലീസ് കണക്കുകള്‍ പ്രകാരം ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു.
കോഴിക്കോട് കൊയിലാണ്ടിയില്‍ ഉണ്ടായ ഒരു സംഭവത്തില്‍ മാത്രം മൂന്ന് പേരാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്. തൃശ്ശൂരില്‍ രണ്ട് പേരും മലപ്പുറം തിരൂര്‍, പാലക്കാട് കൂറ്റനാട് എന്നിവിടങ്ങളില്‍ ഓരോ വ്യക്തികളും കൊല്ലപ്പെട്ടിട്ടുണ്ട്. 2023 ല്‍ 11 മരണങ്ങളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ആനകളുടെ ജൈവികമായ സാഹചര്യങ്ങളും ഉത്സവകാലത്തെ ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് വെറ്ററനറി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലൈംഗികതയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ റ്റെസ്റ്റാസ്റ്ററോണിന്റെ അളവ് ആനകളില്‍ വര്‍ധിക്കുന്ന സമയമാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം. ഇതിനൊപ്പം ഉത്സവങ്ങളിലെ സാചര്യങ്ങളും മതിയായ വെള്ളം, ഭക്ഷണം, വിശ്രമം എന്നിവയുടെ കുറവും ആനകളെ അക്രമാസക്തരാക്കുന്നു.