തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിൽ.. മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ പത്ത് ദിവസം പഴക്കമുള്ള മൃതദേഹം..
മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും അഴുകിയ മൃതദേഹം അടങ്ങിയ ടാങ്കിലെ വെള്ളം ഉപയോഗിച്ചതായി പരാതി. ഉത്തർപ്രദേശിലെ ദിയോറിയയിലുള്ള മഹാമൃഷി ദേവരഹ ബാബ മെഡിക്കൽ കോളേജിൽ കുട്ടികളും അധികൃതരും കുടിക്കാനായി ഉപയോഗിച്ചിരുന്ന വാട്ടർ ടാങ്കിൽ പത്ത് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതോടെയാണ് പരാതി ഉയർന്നത്. വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ക്ലീനിംഗ് ജീവനക്കാർ അഞ്ചാം നിലയിലെ ഒരു സിമന്റ് ടാങ്ക് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇക്കാലയളവിൽ ഈ വാട്ടർ ടാങ്കിൽനിന്നും ആശുപത്രിയിലെ ഒപിഡി ഡിപാർട്‌മെന്റിലേക്കും വാർഡുകളിലേക്കും വെള്ളം എത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.
സംഭവം അന്വേഷിക്കുന്നതിനായി ദിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് ദിവ്യ മിത്തൽ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ രാജേഷ് കുമാർ ചുമതലയിൽനിന്നും താൽകാലികമായി ഒഴിഞ്ഞു. അഞ്ചാം നിലയിലായി അടച്ചിടേണ്ടിയിരുന്ന വാട്ടർ ടാങ്ക് തുറന്നുകിടക്കുകയായിരുന്നുവെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ടാങ്കും പരിസരവും പൊലീസ് സീൽ ചെയ്തു.
വെള്ളത്തിനായി ബദൽ മാർഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സമിതി രൂപീകരിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. മൃതദേഹം എങ്ങനെയാണ് ടാങ്കിൽ എത്തിയതെന്നും, ഞെട്ടിക്കുന്ന സംഭവത്തിൽ അശ്രദ്ധയ്ക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.