ഏഴ് ദിവസം മുൻപ് കാണാതായി… ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ മകൾ ബീച്ചിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ..
ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ മകളും കാനഡയിൽ വിദ്യാര്‍ഥിനിയുമായ വൻഷിക സൈനിയെ ഒട്ടാവയിലെ ബീച്ചിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ പ്രമുഖ നേതാവ് ദേവീന്ദര്‍ സൈനിയുടെ മകളാണ് വൻഷിക. കഴിഞ്ഞ ഏപ്രിൽ 22 മുതൽ യുവതിയെ വാടക വീട്ടിൽ നിന്നും കാണാതായിരുന്നു.
എഎപി ബ്ലോക്ക് പ്രസിഡന്‍റും പ്രാദേശിക എഎപി എംഎൽഎ കുൽജിത് സിംഗ് രൺധാവയുടെ ഓഫീസ് ഇൻചാർജുമാണ് ദേവീന്ദർ സൈനി.മകളുടെ തിരോധാനത്തെക്കുറിച്ച് വെള്ളിയാഴ്ചയാണ് ഒരു സുഹൃത്ത് സൈനിയുടെ കുടുംബത്തെ അറിയിക്കുന്നത്. “അദ്ദേഹം പൊലീസിനെ സമീപിച്ചതിനെ തുടർന്ന് ഒട്ടാവയിലെ എംബസിയുമായി ഓൺലൈനായി ബന്ധപ്പെടാനും കാണാതായതായി പരാതി നൽകാനും നിർദേശിച്ചു,” ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്തിയിട്ടുണ്ടെന്നും മൃതദേഹം തിരികെ കൊണ്ടുവരാൻ കുറച്ച് സമയമെടുക്കുമെന്നും സൈനി പറഞ്ഞു. ഏപ്രിൽ 22 നാണ് കുടുംബം അവസാനമായി വൻഷികയുമായി ഫോണിൽ സംസാരിച്ചത്.
എംഎൽഎ രൺധാവ സൈനിയുടെ കുടുംബത്തെ കണ്ട് അനുശോചനമറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കുടുംബത്തെ സഹായിക്കണമെന്ന് പാർട്ടി എംപിമാരായ രാജ് കുമാർ ചബ്ബേവാൾ, ബൽബീർ സിംഗ് സീചെവാൾ എന്നിവരെയും മറ്റ് മുതിർന്ന നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
ദേര ബാസിയിൽ നിന്നും ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം വൻഷിക ഹെൽത്ത് സ്റ്റഡീസിൽ കാനഡയിൽ നിന്നും രണ്ട് വര്‍ഷത്തെ ബിരുദം നേടിയിരുന്നു. തുടര്‍ന്ന് ഒരു കോൾ സെന്‍ററിൽ ജോലി ചെയ്യുകയും പിന്നീട് ഒരു സ്വകാര്യ ക്ലിനിക്കിലേക്ക് മാറുകയും ചെയ്തിരുന്നു. ഒരു ദിവസം ജോലിക്ക് പോയെങ്കിലും താമസസ്ഥലത്ത് തിരിച്ചെത്തിയില്ല. സുഹൃത്ത് വൻഷികയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. കുടുംബം കനേഡിയൻ എംബസിയെ അറിയിക്കുകയും മൃതദേഹം ബീച്ചിന് സമീപം കണ്ടെത്തുകയുമായിരുന്നു.