കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ തുമ്പുണ്ടാകും.. മരിക്കുന്നതിന് മുമ്പ് പൊലീസുകാരൻറെ വെളിപ്പെടുത്തൽ..
അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രമോദ് പവൻ എന്ന 51 കാരനെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് പ്രമോദ് സോഷ്യൽ മീഡിയയിൽ ചില വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.
ഈ വീഡിയോയിൽ പൊലീസ് ഉദ്യോഗസ്ഥരേയും പ്രാദേശിക ഗുണ്ടാസംഘത്തിലെ അംഗങ്ങളേയും പേരെടുത്ത് വിമർശിക്കുന്നുണ്ട്. ഇവരുടെ ഭാഗത്തുനിന്ന് തനിക്ക് ജാതിവിവേചനവും മാനസിക പീഡനവും വധഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പ്രമോദ് തൻറെ വീഡിയോയിൽ പറയുന്നുണ്ട്.
പ്രാദേശിക മാഫിയയുമായി ബന്ധപ്പെട്ട് നടന്ന അനധികൃത മണൽ ഖനനം തടയാൻ ശ്രമിച്ചതിന് ഗോദാൻ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് അരവിന്ദ് സിങിൻറെ നേതൃത്വത്തിൽ പീഡിപ്പിക്കപ്പെട്ടു എന്നാണ് പ്രമോദ് മരിക്കുന്നതിന് മുൻപ് വെളിപ്പെടുത്തിയത്. ഈ സംഭവത്തിന് ശേഷം നിരന്തരം ജാതി അധിക്ഷേപം നേരിടുകയാണെന്നും വധഭീഷണിയുണ്ടായി, ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
കൂടാതെ പൊലീസ് ഉദ്യോഗസ്ഥർ ചൂതാട്ട കേന്ദ്രങ്ങൾ സംരക്ഷിക്കുന്നു എന്നും പ്രമോദ് ആരോപിക്കുന്നു. നിരവധി കൊലപാതകത്തിൽ ഉൾപ്പെടെ തുമ്പ് ലഭിക്കണമെങ്കിൽ ഗോദാൻ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രൂപ് നാരായൺ യാദവിന്റെ കോൾ റെക്കോർഡുകൾ പരിശോധിച്ചാൽ മതി, നിർണായക തെളിവുകൾ പുറത്തുവരും എന്നും മരിക്കുന്നതിന് മുമ്പ് പ്രമോദ് പുറത്തുവിട്ട വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു.
‘ഇന്നലെ രാത്രി അദ്ദേഹം ആത്മഹത്യ ചെയ്തതായി ഇന്ന് രാവിലെ ഞങ്ങൾക്ക് വിവരം ലഭിച്ചു. എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ട്. അന്വേഷണം നടക്കുന്നുണ്ട്, അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കും. ഓരോ വീഡിയോയും നിഷ്പക്ഷമായി പരിശോധിക്കും. അദ്ദേഹം പങ്കിട്ട രേഖകളും വിശദമായി പരിശോധിക്കുകയും നീതിയുക്തവും പക്ഷപാതരഹിതവുമായ അന്വേഷണം ഉറപ്പാക്കുകയും ചെയ്യും’ എന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഉമേഷ് ഗാർഗ് പ്രതികരിച്ചു.